ലക്നൗ: ശൈത്യകാലമായതോടെ പശുക്കളെ തണുപ്പിൽനിന്ന് സംരക്ഷിക്കാൻ കോട്ടുകളൊരുക്കി അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ. പശുക്കൾക്കും കാളകൾക്കും പശുക്കിടാവിനും പ്രത്യേകം രൂപകൽപ്പന ചെയ്ത കോട്ടുകളാണ് ഒരുങ്ങുന്നത്. അയോധ്യനഗരസഭ നടത്തുന്ന പൊതുഗോശാലകളിലെ പശുക്കളെ അതിശൈത്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് കോട്ടുകൾ തയ്യാറാക്കുന്നത്. രാത്രി തണുപ്പ് നേരിടാൻ തൊഴുത്തിന്റെ പരിസരങ്ങളിൽ തീയെരിയിക്കാനും തീരുമാനമായിട്ടുണ്ട്.

നവംമ്പർ കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽ ശീതകാലം പിടിമുറുക്കി തുടങ്ങി. മനുഷ്യർ തണുത്ത് വിറയക്കുന്ന അവസ്ഥ. ഇതിനിടിയിൽ മിണ്ടാപ്രാണികളായ കന്നുകാലികൾക്കും തണുപ്പ് വില്ലനാകും. ഇതോടെയാണ്  കന്നുകാലികളെ  കോട്ട് ധരിപ്പിക്കുക എന്ന ആശയം നഗരസഭക്ക് തോന്നിയത്. പിന്നെ ഒട്ടും താമസിച്ചില്ല ഉടൻ യോഗം ചേർന്ന് പദ്ധതി മുന്നോട്ടു വയ്ക്കുകയായിരുന്നു.

പശുക്കൾക്ക് പുതയ്ക്കാനാവശ്യമായ ചണം ഉപയോ​ഗിച്ചുള്ള കോട്ടുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയെന്ന് അയോധ്യ ന​ഗർ നിഗം കമ്മീഷണർ നീരജ് ശുക്ല പറ‍ഞ്ഞു. മൂന്ന് നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. ബൈഷിങ്പൂരിലെ ​ഗോശാലയിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. കാളകളും പശുക്കളും പശുക്കിടാങ്ങളുമുൾപ്പടെ 1,200 കന്നുകാലികളാണ് ഇവിടെയുള്ളത്. പശുക്കിടാക്കൾക്ക് 100 പശു കോട്ടിനായി ​ഗോശാല അധികൃതർ ഓർഡർ നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ ഈ ​ഗോശാലയിൽ പശു കോട്ട് വിതരണം ചെയ്യുമെന്നും നീരജ് ശുക്ല കൂട്ടിച്ചേർത്തു.

"

ചണം കൊണ്ടുണ്ടാക്കുന്ന കോട്ടുകൾ പശുവിന്റെ ചർമ്മത്തിൽ പരുക്കനായി തോന്നാതിരിക്കാൻ രണ്ട് ലെയറുകളാണ് കോട്ടിനുള്ളത്. ചണം തണുപ്പിനെ അകറ്റി നിർത്തുമെന്നാണ് പ്രതീക്ഷ. കാളകൾക്കുമുണ്ട് ചണക്കോട്ടുകൾ. പശുക്കിടാക്കൾക്ക് മാർദ്ദവമുള്ള തുണികൂടി ഉൾപ്പെടുത്തി മൂന്ന് ലെയറുകളുള്ള കോട്ടുകളും ഒരുങ്ങുന്നുണ്ട്. കോട്ടൊന്നിന് 250 മുതൽ 300 രൂപവരെയാണ് വില. തൊഴുത്തിനുള്ളിൽ തണുപ്പ് അറിയാതിരിക്കാൻ നിലത്ത് വൈക്കോൽ പാകുമെന്നും രാത്രികാലത്തെ തണുപ്പകറ്റാൻ തീയെരിക്കുമെന്നും അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

പശുക്കളെ പരിപാലിക്കലാണ് തങ്ങളുടെ മുഖ്യ പരിഗണനയെന്ന് അയോധ്യ നഗരസഭ മേയർ ഋഷികേഷ് ഉപാധ്യായ പദ്ധതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അതേസമയം, പശുക്കൾക്ക് കോട്ട് നൽകുന്ന നഗരസഭ പക്ഷേ തണുപ്പത്ത് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യർക്ക് കോട്ട് നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.