ദില്ലി: അയോധ്യ വിധിക്കെതിരെ വ്യക്തികളും സംഘടനകളും നല്‍കിയ റിവ്യൂ പെറ്റീഷന്‍ വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എ എസ് ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഓപ്പണ്‍ കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നീ പ്രമുഖ സംഘടനകളും 40 ആക്ടിവിസ്റ്റുകളും റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. 

രാജ്യത്തെ സമാധാനം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം, നീതി നിഷേധത്തിനെയാണ് ചോദ്യം ചെയ്യുന്നതെന്നും റിവ്യൂ പെറ്റീഷനുമായി മുന്നോട്ടുപോകുന്ന മുസ്ലിം സംഘടനകള്‍ വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ അര്‍ഹമായ പ്രാതിനിധ്യം നിര്‍മോഹി അഖാഡക്ക് നല്‍കമെന്ന നിര്‍ദേശത്തില്‍ വ്യക്തത തേടിയാണ് അവര്‍ ഹര്‍ജി നല്‍കിയത്.

നവംബര്‍ ഒമ്പതിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യക്കേസില്‍ ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയായ 2.77 ഏക്കറില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും അയോധ്യയില്‍ തന്നെ പള്ളി നിര്‍മിക്കുന്നതിനായി മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നുമായിരുന്നു വിധി.