Asianet News MalayalamAsianet News Malayalam

അയോധ്യ വിധി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിര്‍ദ്ദേശം

  • അയോധ്യ വിധിയിൽ അനാവശ്യപ്രസ്താവനകൾ പാടില്ലെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദ്ദേശം നൽകി
  • വിധി അനുകൂലമായാൽ ആഘോഷം പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്
Ayodhya verdict centre alert states and union territtories
Author
New Delhi, First Published Nov 7, 2019, 4:30 PM IST

ദില്ലി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. അയോധ്യ വിധിയിൽ അനാവശ്യപ്രസ്താവനകൾ പാടില്ലെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദ്ദേശം നൽകി. 

വിധി അനുകൂലമായാൽ ആഘോഷം പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിധി ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്  പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിലെ ഐക്യ തകർക്കാൻ ആരെയും അനുവദിക്കരുത് എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ ആബ്ബാസ് നഖ്‌വി പറഞ്ഞു.
 
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നൽകിയ നിര്‍ദ്ദേശത്തിൽ പറയുന്നത്. "മന്ത്രിമാർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്. വിധിയെക്കുറിച്ച് സർക്കാർ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രിമാർ നടത്തരുത്. " ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരുടെ യോഗം വിളിച്ച് പറഞ്ഞത്.

ബിജെപി നേതാക്കൾക്ക് നേരത്തെ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും, വർക്കിംഗ് പ്രസിഡൻറ് ജെപി നഡ്ഡയും അനാവശ്യ പ്രസ്താവന പാടില്ലെന്ന നിർദ്ദേശം നല്കിയിരുന്നു. പാർട്ടി നേതൃത്വം വിധിയോട് പ്രതികരിക്കുന്നതിന് കാത്തിരിക്കുക എന്നാണ് നിർദ്ദേശം. 

വിധി അനുകൂലമായാൽ ആഘോഷം പാടില്ലെന്നും മധുരം വിതരണം ചെയ്യരുതെന്നും വിശ്വഹിന്ദു പരിഷത്ത് നിർദ്ദേശിച്ചു. വിധി എന്തായാലും ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ വിധി വരും മുമ്പ് തന്നെ അതെന്താവും എന്ന് പ്രവചിച്ച് ചിലർ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. അയോധ്യയിൽ നിരീക്ഷണം ശക്തമാക്കി. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സമാധാന സമിതികൾ ശക്തിപ്പെടുത്താനും യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു.
 

Follow Us:
Download App:
  • android
  • ios