Asianet News MalayalamAsianet News Malayalam

ബിജെപിക്ക് ഇനിയിത് രാഷ്ട്രീയമായി ഉപയോഗിക്കാനാവില്ല: അയോധ്യ വിധിയിൽ കോൺഗ്രസ്

  • ഈ വിധി ക്ഷേത്ര നിർമ്മാണത്തിനുള്ള വാതിൽ തുറക്കുകയും ബിജെപിക്ക് ഇനിയും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള വാതിൽ അടക്കുകയും ചെയ്തു
  • വിധി ഏതെങ്കിലും വ്യക്തിക്കോ, സ്ഥാപനത്തിനോ, സമുദായത്തിനോ, രാഷ്ട്രീയ പാർട്ടികൾക്കോ തങ്ങളുടെ നേട്ടമായി പറയാൻ സാധിക്കില്ലെന്നും വക്താവ്
Ayodhya verdict Congress favours Ram Temple doors closed for BJP politicise issue Randeep Surjewala
Author
New Delhi, First Published Nov 9, 2019, 1:26 PM IST

ദില്ലി: അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന ആവശ്യത്തിനായി നിലകൊണ്ടവരാണ് തങ്ങളെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല. ഇനി ബിജെപിക്ക് അയോധ്യ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് ദേശീയ വക്താവ് പറഞ്ഞു. "സുപ്രീം കോടതി വിധി വന്നു. ഞങ്ങളെന്നും രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി നിലപാടെടുത്തവരാണ്. ഈ വിധി ക്ഷേത്ര നിർമ്മാണത്തിനുള്ള വാതിൽ തുറക്കുകയും ബിജെപിക്ക് ഇനിയും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള വാതിൽ അടക്കുകയും ചെയ്തു," സുർജെവാല പറഞ്ഞു.

സുപ്രീം കോടതി വിധി പുറത്തുവന്ന ഉടൻ കോൺഗ്രസിന്റെ ദേശീയ പ്രവർത്തക സമിതി യോഗം ദില്ലിയിൽ ചേർന്നു. ഇതിന് ശേഷം സംയുക്ത പ്രസ്താവന പ്രവർത്തക സമിതി പുറത്തിറക്കി. സമാധാനവും ശാന്തിയും സമൂഹത്തിൽ നിലനിർത്തണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. വിധി ഏതെങ്കിലും വ്യക്തിക്കോ, സ്ഥാപനത്തിനോ, സമുദായത്തിനോ, രാഷ്ട്രീയ പാർട്ടികൾക്കോ തങ്ങളുടെ നേട്ടമായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും  നിരീക്ഷിച്ചു. അതേസമയം ഇത് ക്ഷേത്രമാണെന്ന് കോടതി പറഞ്ഞിട്ടുമില്ല. 

തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയിൽ ചൂണ്ടിക്കാട്ടുന്നു. അയോധ്യ ഹിന്ദു ദൈവമായ രാമന്‍റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിച്ചില്ല. 1857 മുതല്‍ തര്‍ക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാല്‍ അതിനും മുന്‍പും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികള്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു. 

ഈ രീതിയില്‍ അയോധ്യയിലെ തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അം​ഗീകരിച്ചു. ഈ സാഹചര്യത്തിലാണ് അവിടെ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച്  ഉപാധികളോടെ ക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവാദം നൽകിയത്. 1993-ലെ അയോധ്യ ആക്ട് പ്രകാരം മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകി പുതിയ പള്ളി നിർമ്മിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios