ദില്ലി: നാൽപത് ദിവസത്തെ മാരത്തൺ വാദത്തിന് ശേഷം അയോധ്യ തർക്ക ഭൂമി കേസിൽ പരമോന്നത കോടതി വിധി പറഞ്ഞപ്പോൾ ​ഗൂ​ഗിളിൽ ഇന്ത്യക്കാർ തിരഞ്ഞ ചില വാക്കുകളും ചോദ്യങ്ങളും ട്രെൻഡിങ് ആകുകയാണ്. വിധി പറയുന്ന ദിവസം ശനിയാഴ്ച അവധി ആണോ എന്നാണ് നല്ലൊരു ശതമാനം ആളുകളും ഗൂഗിളില്‍ തിരഞ്ഞത്. എന്താണ് 144ാം വകുപ്പ്?,  ആരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സംശയങ്ങളും തിരഞ്ഞതിൽ ഇടംനേടിയിട്ടുണ്ട്.

എന്താണ് 144ാം വകുപ്പ്?

അയോധ്യ കേസിൽ വിധി വരുന്നതിന് മുമ്പ് 'എന്താണ് 144ാം വകുപ്പ്?' എന്നതായിരുന്നു ​ഗൂ​ഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. ഉത്തർപ്രദേശ്, ബെംഗളൂരു, ജമ്മു എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള വിവരങ്ങൾക്കായാണ് ഭൂരിഭാ​ഗം തിരച്ചിലും. വിധി പ്രസ്താവത്തോടനുബന്ധിച്ച് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും സിആര്‍പിസി 144ാം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള വകുപ്പാണിത്. 

നാളെ അവധിയാണോ?

അയോധ്യ വിധിയ്ക്ക് ഒരു ദിവസം മുമ്പ് ഇന്ത്യക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് 'ചരിത്ര വിധി പ്രസ്താവിക്കുന്ന ദിവസം അവധി ആയിരിക്കുമോ' എന്നാണ്. ചില സംസ്ഥാനങ്ങളില്‍ നവംബര്‍ 11 വരെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, മിക്കയിടങ്ങളിലും മദ്യ വില്‍പ്പനയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

ആരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ? അദ്ദേഹത്തിന്റെ മതമേതാണ് ? ഏത് സംസ്ഥാനത്തുനിന്നുള്ളയാണ് ഗൊഗോയ് ?

ചരിത്രവിധി എന്തായിരിക്കും എന്ന ആശങ്കയില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയിരുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറിച്ചാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിന് വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ആരാണെന്ന് അറിയാൻ ഇന്ത്യക്കാർക്ക് വളരെയധികം ആകാംഷയുണ്ട്. അദ്ദേഹം ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണെന്നും ഏത് മതക്കാരന്‍ ആണെന്നും ​ഗൂ​ഗിളിൽ വ്യാപകമായി ഇന്ത്യക്കാർ തിരഞ്ഞിട്ടുണ്ട്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ഗൊഗോയ് കോടതി വിധി എഴുതിതീര്‍ക്കാന്‍ നാല് ആഴ്ച മതിയെന്ന് പറഞ്ഞിരുന്നു. എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്ള മറ്റ് ജഡ്ജിമാര്‍. നവംബര്‍ 17 ന് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പ് വിധി പ്രസ്താവിക്കാനായിരുന്ന് തീരുമാനം. അദ്ദേഹത്തിന്റെ രാജിക്ക് മുമ്പ് വിധി കേട്ടില്ലെങ്കില്‍ മുഴുവന്‍ വിധിയും പുതുതായി കേള്‍ക്കേണ്ടി വരുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

അയോധ്യ കേസിൽ ശനിയാഴ്ചയാണ് വിധി പറഞ്ഞത്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഏകകണ്‌ഠനെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിർണായകമായ വിധി പ്രസ്താവിച്ചത്. അയോധ്യയിലെ തർക്ക ഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയണമെന്നും മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നുമായിരുന്നു സുപ്രീം കോടതി വിധിച്ചത്.