ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിൽ സഖ്യസാധ്യതകൾ ചർച്ചയാകുന്നതിനിടെയാണ് മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്ന് മാറി കോൺഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
മുംബൈ: വരാനിരിക്കുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയത്. ബിഎംസി തെരഞ്ഞെടുപ്പിന് ഞങ്ങൾ എല്ലാവരും തയ്യാറാണ്. അത് സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണ് ഞാൻ വന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലൊന്നായ ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ബന്ധുവും മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവിയുമായ രാജ് താക്കറെയും തമ്മിലുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
2022-ലെ ശിവസേന പിളർപ്പിനുശേഷം രാഷ്ട്രീയ പ്രസക്തി പുനഃസ്ഥാപിക്കുന്നതിനുള്ള അവസരമായിട്ടാണ് രാജ് താക്കറെയുമായുള്ള നീക്കുപോക്കിനെ ഉദ്ധവ് താക്കറെ കാണുന്നത്. രാജ് താക്കറെയെ സംബന്ധിച്ചിടത്തോളം, ഈ തെരഞ്ഞെടുപ്പ് മറാത്തി സ്വത്വം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, അടുത്തയാഴ്ച നടക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ ശിവസേനയും (യുബിടി) എംഎൻഎസും സഖ്യത്തിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി - എസ്പി) എന്നിവരാണ് സഖ്യത്തിലെ മറ്റ് പ്രധാന പാർട്ടികൾ. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. ബിഎംസിയുടെ 29 മുനിസിപ്പൽ കോർപ്പറേഷനുകൾ, 32 ജില്ലാ പരിഷത്തുകൾ, 336 പഞ്ചായത്ത് സമിതികൾ എന്നിവയിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15 ന് നടക്കും, അടുത്ത ദിവസം ജനുവരി 16 ന് ഫലം പ്രഖ്യാപിക്കും.
