ദില്ലി: അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതിയുടെ വിധി വന്നശേഷവും രാജ്യത്ത് ജാഗ്രത തുടരുന്നു. അയോധ്യക്ക് പുറമേ, മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുകയാണ്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തി.

വിധിക്ക് മുമ്പുതന്നെ അയോധ്യയില്‍ കരുതല്‍ തുടങ്ങിയിരുന്നു. അയ്യായിരം അര്‍ധസൈനികരെ തര്‍ക്കഭൂമിയില്‍ വിന്യസിച്ചു. നഗരത്തില്‍ പന്ത്രണ്ടായിരം സൈനികരെയും വിന്യസിച്ചിട്ടുണ്ട്. സമാധാനമുറപ്പിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയ പതിനാറായിരം വാളന്‍റിയര്‍മാരുടെ പിന്തുണയും ഏര്‍പ്പെടുത്തിയിരുന്നു. നിരീക്ഷണത്തിന് ആകാശക്യാമറയും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്റ്ററുകളും സജ്ജമായിരുന്നു. 

അയോധ്യയിലും സമീപപ്രദേശങ്ങളിലും അടുത്ത മാസം പത്തുവരെ നിരോധനാജ്ഞയാണ്. ഉത്തര്‍പ്രദേശിലെ സംഘര്‍ഷസാധ്യതാ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്‍റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി വിച്ഛേദിച്ചു. സമൂഹ മാധ്യമങ്ങളെയും നിരീക്ഷണത്തിലാക്കി. ഇരുപത് താത്കാലിക ജയിലുകളാണ് തുറന്നത്. പതിനായിരം പേരെയാണ് ഉത്തര്‍പ്രദേശില്‍ കരുതല്‍ തടങ്കലിലാക്കിയത്. അയല്‍ സംസ്ഥാനങ്ങളും മുന്‍കരുതല്‍ ശക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലും രാജസ്ഥാനിലെ ജയ്സല്‍മീറിലും നിരോധനാജ്ഞയാണ്. രാജ്യ തലസ്ഥാനത്തും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശ്, ദില്ലി, ജമ്മുകശ്മീര്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. 

വിധിക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. വിധി വന്നതിന് പിന്നാലെ സംസ്ഥാന മുഖ്യമന്ത്രിമാരെ അമിത് ഷാ നേരിട്ടുവിളിച്ച് സ്ഥിതി വിലയിരുത്തി. ക്രമസമാധാനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശവും നല്‍കി.