ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയുന്ന സാഹചര്യത്തിൽ രാജ്യത്തോടൊപ്പം സോഷ്യൽ മീഡിയയും അതീവ ജാ​ഗ്രതയിലാണ്. വെറുപ്പും വിദ്വേഷവുമല്ല, സമാധാനം പുലരണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. രാജ്യത്തെ ക്രമസമാധാനം സംരക്ഷിക്കണമെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

''നമ്മൾ സ്നേഹത്തോടും സമാധാനത്തോടും കൂടി ഈ വിധി സ്വീകരിക്കണം'', ''വിധി എന്തായാലും നമ്മൾ അംഗീകരിച്ച് തന്നെ മുന്നോട്ട് പോകണം'', ''ജാതി-മത ഭേദമന്യേ വിധി അം​ഗീകരിക്കുക'', ''നമ്മൾ സഹോദരങ്ങളാണ്'', ''ആഹ്ളാദവും പ്രതിഷേധവും വേണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ ആളുകൾ അഭിപ്രായപ്പെടുന്നു.

Read More:ചരിത്രവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം; അയോധ്യ കേസില്‍ വിധി നാളെ

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തർക്ക ഭൂമി കേസിൽ നടന്നത്. 40 ദിവസത്തെ മാരത്തൺ വാദത്തിന് ശേഷമാണ് കേസിൽ പരമോന്നത കോടതി ശനിയാഴ്ച വിധി പറയുന്നത്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.