ദില്ലി: മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ എസ്പി എംപി ആസം ഖാന്‍ ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് ലോക്സഭയില്‍ ബഹളം. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു'. ഇങ്ങനെയായിരുന്നു ആസംഖാന്‍റെ പരാമര്‍ശം.

ആസം ഖാന്‍റെ പരാമര്‍ശത്തിനെതിരെ രാമാദേവി രംഗത്തെത്തി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു. ഇതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തി. ആസംഖാന്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, രമാദേവി വളരെ ബഹുമാനിതയാണെന്നും എനിക്ക് സഹോദരിയെപ്പോലെയാണെന്നും ആസംഖാന്‍ വിശദീകരിച്ചു. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ല ആസംഖാനെതിരെ ശക്തമായി രംഗത്തുവന്നു.

ആസംഖാന്‍ സഭയില്‍ മാപ്പുപറയണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്‍റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും ആസംഖാന്‍ വ്യക്തമാക്കി. ആസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ഇരുവരും പിന്നീട് ലോക്സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ആസം ഖാനെ 72 മണിക്കൂര്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയിരുന്നു.