Asianet News MalayalamAsianet News Malayalam

ദിശ കൊലക്കേസ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം; പൊലീസ് ഭാഷ്യം വിശ്വാസ യോഗ്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

പ്രതികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഇന്ത്യയിലെ നിയമന്യായ വ്യവസ്ഥ അനുസരിച്ച് ഇങ്ങനെ അല്ല അത് നടപ്പിലാക്കേണ്ടതെന്ന് കെമാല്‍ പാഷ

b kemal pasha on hyderabad veterinarian rape and murder case accused killed
Author
Thiruvananthapuram, First Published Dec 6, 2019, 9:17 AM IST

തിരുവനന്തപുരം: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ പൊലീസ് ഭാഷ്യം വിശ്വാസ യോഗ്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ചോദ്യം ചെയ്യലിനിടെ ആക്രമിച്ചപ്പോള്‍ സ്വയ രക്ഷയ്ക്ക് വെടിവെച്ചു എന്നാണ് പറയുന്നത്. പ്രതികളെ നിര്‍ദാക്ഷിണ്യം വധശിക്ഷക്ക് തന്നെ ശിക്ഷിക്കണമായിരുന്നു. എന്നാല്‍, ഇന്ത്യയിലെ നിയമന്യായ വ്യവസ്ഥ അനുസരിച്ച് ഇങ്ങനെ അല്ല അത് നടപ്പിലാക്കേണ്ടതെന്ന് കെമാല്‍ പാഷ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നും കെമാല്‍ പാഷ പ്രതികരിച്ചു.

കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. ഹൈദരാബാദിൽ ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംശയവും ആരോപണവും ഉയരുന്ന സാഹചര്യത്തില്‍ സംഭവ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios