Asianet News MalayalamAsianet News Malayalam

കൊറോണവൈറസിനെതിരെ മരുന്ന് കണ്ടെത്തിയെന്ന് ബാബാ രാംദേവ്; തെറ്റെന്ന് വിദഗ്ധര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന തടയുമെന്നായിരുന്നുബാബ രാംദേവിന്റെ പ്രചാരണം.
 

Baba Ramdev claims his company develop medicine for covid 19, anger health professionals
Author
New Delhi, First Published Mar 18, 2020, 11:04 PM IST

ദില്ലി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ അവകാശവാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ  കമ്പനിയായ പതഞ്ജലി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദമുന്നയിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന തടയുമെന്നായിരുന്നുബാബ രാംദേവിന്റെ പ്രചാരണം. വീഡിയോ പരസ്യത്തിലൂടെയായിരുന്നു ബാബാ രാംദേവിന്റെ അവകാശ വാദം. ഇന്റര്‍നാഷണല്‍ ജേര്‍ണലിന് പരീക്ഷണം അയച്ചുകൊടുത്തെന്നും രാം ദേവ് പറഞ്ഞു. എന്നാല്‍ ജേര്‍ണലിന്റെ പേര് വെളിപ്പെടുത്തിയില്ല.

ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ മറ്റ് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ പതഞ്ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ യോഗ ശീലമാക്കണമെന്ന പ്രചാരണവും രാംദേവ് നടത്തുന്നുണ്ട്. പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോകമാകെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ പരീക്ഷണത്തിലേര്‍പ്പെടുമ്പോഴാണ് ബാബാ രാംദേവ് മരുന്ന് കണ്ടെത്തിയെന്ന് അവകാശ വാദവുമായി രംഗത്തെത്തിയത്.
 

Follow Us:
Download App:
  • android
  • ios