ദില്ലി: കൊവിഡ് 19 കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റിനെതിരെ ഗായകനും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ. കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുമ്‌പോള്‍ രാഷ്ട്രീയം കളിക്കുന്ന മോദിയുടെ മുന്നില്‍ അശ്ലീസ ചേഷ്ട കാണിക്കണമെന്നാണ് കുനാല്‍ കമ്ര പറഞ്ഞത്. 

കുനാല്‍ തന്റെ മാതാപിതാക്കളോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമോ എന്നും പിതാവ് അദ്ദേഹത്തിന്റെ പിതാവിനോട് ഇങ്ങനെയാണോ പെരുമാറുകയെന്നും ബാബുല്‍ സുപ്രിയോ ട്വിറ്ററലിലൂടെ ചോദിച്ചു. ''ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യമാണ് കാണിച്ചത്'' - ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചു. 

കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുകയും സാമ്പത്തികനില തകരുകയും ചെയ്യുമ്‌പോള്‍ അടുത്തൊന്നും തെരഞ്ഞെടുപ്പ് വരാനില്ലെന്ന് അദ്ദേഹം തിരിച്ചറിയണം. ഇത്തരം കാര്യങ്ങള്‍ക്ക് പകരം നയങ്ങള്‍ പ്രക്യാപിക്കാനും കുനാല്‍ കമ്ര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. 

രാജ്യം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്‌പോള്‍ പ്രധാനമന്ത്രി പ്രത്യേകം സഹായങ്ങളൊന്നും സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ചില്ലെന്നും പകരം ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ ഇന്ന് പൂര്‍ണ്ണമായും ജനതാ കര്‍ഫ്യൂ പാലിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ആളുകള്‍ യാത്രകള്‍ ഒഴിവാക്കി. നിരത്തുകളെല്ലാം ഇന്ന് ഒഴിഞ്ഞു കിടന്നു.