ദില്ലി: അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ അഞ്ച് മാസം പ്രായമായ കുട്ടി മരിച്ചു. ദില്ലിയിലെ കോണ്ട്ലിയിലാണ് സംഭവം. 29 കാരിയായ ദീപ്തിയും 32 കാരനായ ഭര്‍ത്താവ് സത്യജിത്തും തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ഞായറാഴ്ച സത്യജിത്ത് ദീപ്തിയെ വടിയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. 

അബദ്ധത്തില്‍ കുഞ്ഞിന്‍റെ തലയില്‍ അടികൊള്ളുകയും പരിക്കേല്‍ക്കുകയുമായിരുന്നു. രക്ഷിതാക്കള്‍ തന്നെ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പക്ഷേ ചൊവ്വാഴ്ച കുട്ടി ഛര്‍ദ്ദിച്ചു. ഇതോടെ ദീപ്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി മരിച്ചതായി അവിടെ വച്ച് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. 

തലച്ചോറില്‍ രക്ചംകട്ടപിടിച്ചാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ പ്രതിയായ പിതാവ് സത്യജിത്ത് ഒളിവിലാണ്.