രാജ്‌കോട്ട്: കാടിന് നടുവില്‍ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് വനപ്രദേശത്താണ് സംഭവം നടന്നത്. ടെലഫോണില്‍ ഡോക്ടര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ വാഹനത്തില്‍ ഉണ്ടായിരുന്ന ആശാവര്‍ക്കറും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്നായിരുന്നു പ്രസവം എടുത്തത്. 

ബുധനാഴ്ച രാത്രിയാണ് അഫ്‌സാന റഫീഖ് എന്ന 30കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തുകയും ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. എന്നാൽ യാത്രാ മധ്യേ നാലു സിംഹങ്ങള്‍ വഴിയില്‍ കിടന്നതിനാൽ ആംബുലൻസിന് മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ആശുപത്രിയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ കച്ചാ ഗ്രാമത്തില്‍ വെച്ച്‌ റോഡിന്റെ മദ്ധ്യത്തിലായി സിംഹങ്ങള്‍ കിടക്കുന്നത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലാണ് ആംബുലൻസ് ഡ്രൈവര്‍ കാണ്ടത്. പിന്നാലെ വണ്ടി ഓഫാക്കി സിംഹക്കൂട്ടം പോകാനായി കാത്തിരുന്നു.

എന്നാൽ, ഇതിനിടയിൽ യുവതിയ്ക്ക് പ്രസവവേദന കൂടി അവസ്ഥ മോശമായി. സിംഹകൂട്ടം വഴിയില്‍ നിന്നും മാറാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് കഴിഞ്ഞുമില്ല. ആശുപത്രിയിലേക്ക് വിളിച്ച്‌ ഡ്രൈവര്‍ വിവരം പറഞ്ഞപ്പോള്‍ സിംഹം വഴിയില്‍ നിന്നും മാറുന്നത് വരെ വാഹനം അനക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന ആശാ വര്‍ക്കറായ റസീലയും ഡ്രൈവര്‍ ജഗദീഷ് മാക്‌വാനേയും ചേർന്ന് പ്രസവം എടുക്കുകയായിരുന്നു. 

ഗീര്‍ - ഗദ്ധാ താലൂക്കിലെ ഭാഖാ ഗ്രാമത്തില്‍ നിന്നുമായിരുന്നു അഫ്‌സാനയെ 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒന്നര മണിക്കൂര്‍ വേണ്ട യാത്ര 12 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സിംഹക്കൂട്ടത്തെ കണ്ടത്. വാഹനത്തില്‍ യുവതിയെ കൂടാതെ അമ്മ റസീലാ മക്‌വാനയും മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവിൽ കാടിനുള്ളിലേക്ക് സിംഹക്കൂട്ടം പോയ ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.