Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത നീക്കം; യുപിയില്‍ ബിജെപി പിന്തുണയില്‍ എസ്പി എംഎല്‍എ യുപി ഡെപ്യൂട്ടി സ്പീക്കറാകും

യുപിയില്‍ പരമ്പാരഗതമായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കുക.  14 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. 403 അംഗ നിയമസഭയില്‍ 304 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്.
 

Backed By BJP, Samajwadi Party MLA Set To Be UP Assembly Deputy Speaker
Author
Lucknow, First Published Oct 17, 2021, 10:49 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ (Uttarpradesh) അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. പ്രധാനപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി (SP)  എംഎല്‍എയെ ബിജെപി പിന്തുണയോടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കും. എസ്പി എംഎല്‍എ നിതിന്‍ അഗര്‍വാളിനെയാണ് (Nitin Agarwal) ഡെപ്യൂട്ടി സ്പീക്കര്‍ (deputy speaker) സ്ഥാനത്തേക്ക് ബിജെപി (BJP) പിന്തുണച്ചത്.

നരേന്ദ്ര വെര്‍മ എംഎല്‍എയെയാണ് എസ്പി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ നിതിന്‍ അഗര്‍വാളിനെ മുന്നില്‍ നിര്‍ത്തി ബിജെപി പിന്തുണ നല്‍കുകയായിരുന്നു. യുപിയില്‍ പരമ്പാരഗതമായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കുക. ഉത്തര്‍പ്രദേശില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്പി ആരോപിച്ചു.

14 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. 403 അംഗ നിയമസഭയില്‍ 304 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്.  നിതിന്‍ അഗര്‍വാളിനെ അയോഗ്യനാക്കാന്‍ എസ്പി സ്പീക്കറെ സമീപിച്ചിരുന്നെങ്കിലും സ്പീക്കര്‍ തള്ളിയിരുന്നു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

നിതിന്‍ അഗര്‍വാളിന്റെ പിതാവ് 2018ല്‍ എസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എസ്പിയുടെ പതാക അണിഞ്ഞാണ് നിതിന്‍ അഗര്‍വാള്‍ പത്രിക സമര്‍പ്പിച്ചത്. യുപിയിലെ ജനാധിപത്യ പാരമ്പര്യം പിന്തുടരുക മാത്രമാണ് ബിജെപി ചെയ്തതെന്നും എസ്പി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ബിജെപി മുന്‍കൈയെടുത്ത് നിതിന്‍ അഗര്‍വാളിനെ നിര്‍ത്തിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം നിതിന്‍ അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
 

Follow Us:
Download App:
  • android
  • ios