4 വയസുള്ള 2 പെൺകുട്ടികളെ പീഡിപ്പിച്ചത് സ്കൂളിലെ പണി തീരാത്ത ശുചിമുറിയിൽ, ഒത്തുകളി അന്വേഷിക്കാൻ പ്രത്യേക സംഘം
രക്ഷിതാക്കളുടെ പരാതിയിൽ ബദ്ലാപുരിലെ വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ ആദ്യം കേസെടുക്കാൻ മടിച്ചു. 12 മണിക്കൂർ കഴിഞ്ഞാണ് ദുര്‍ബല വകുപ്പുകള്‍ ചേര‍്ത്ത് എഫ്ഐആർ രജിസ്റ്റര് ചെയ്തത്.
മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് സര്‍ക്കാർ. സ്കൂള്‍ ജീവനക്കാരനായ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം അക്രമാസക്തമായതിനെ തുടര‍്ന്നാണ് നടപടി. ഈ മാസം 12നാണ് സ്കൂളിലെ ശുചിമുറിയില്‍ വെച്ച് നാലു വയസുകാരികള്‍ പീഡനത്തിന് ഇരയായത്.
പെൺകുട്ടികളിലൊരാള്‍ മാതാപിതാക്കളെ സംഭവം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. എന്നാൽ രക്ഷിതാക്കളുടെ പരാതിയിൽ ബദ്ലാപുരിലെ വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ ആദ്യം കേസെടുക്കാൻ മടിച്ചു. 12 മണിക്കൂർ കഴിഞ്ഞാണ് ദുര്‍ബല വകുപ്പുകള്‍ ചേര‍്ത്ത് എഫ്ഐആർ രജിസ്റ്റര് ചെയ്തത്. സ്കൂളിലെ താത്കാലിക ശുചീകരണ തൊഴിലാളിയായ ആദർശ് ഷിൻഡെയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതോടെയാണ് സ്കൂളിലേക്ക് കഴിഞ്ഞ ദിവസം രാവിലെ രക്ഷിതാക്കളും ഒപ്പം നൂറുകണക്കിന് നാട്ടുകാരും ചേർന്ന് പ്രതിക്ഷേധവുമായെത്തി.
സ്കൂൾ തല്ലിത്തകർത്തായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. കേസ് ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്‌മെന്റും പൊലീസും ഒത്തുകളിച്ചെന്ന് രക്ഷിതാക്കൾ ആരോപിച്ചു. തുടർന്ന് ബദ്ലാപുരിലെ റെയിൽവേ ട്രാക്കിൽ ഇറങ്ങിയ പ്രതിഷേധക്കാർ ട്രെയിനുകൾ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ മുഖ്യമന്ത്രി ഏക്‍നാഥ് ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തെ തുടർന്ന് താനെ പോലീസ് കമ്മീഷണർ സുധാകര്‍ പത്തേരെ പ്രതിക്ഷേധക്കാരുമായി ചര്‍ച്ച നടത്തി. ജനരോഷത്തിന് പിന്നാലെ കേസന്വേഷിച്ച വനിതാ പൊലീസ് ഇൻസ്പെക്ടറ സ്ഥലം മാറ്റി.
ഇതിന് പുറമേ സ്കൂൾ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും രണ്ട് ജീവനക്കാരെയും സർക്കാർ സസ്പെൻഡ് ചെയ്തു. സ്കൂളിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് മനസിലായതോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സിസിടിവികൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പുതിയ അന്വേഷണ സംഘം പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളടക്കം ചേർത്ത് പ്രതിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More : 'കുഞ്ഞ് അകത്തുണ്ട്, പ്ലീസ്', യുവതി കൈ കൂപ്പി യാചിച്ചിട്ടും കാറിന്‍റെ ചില്ല് തകർത്ത് ബൈക്ക് യാത്രികൻ-വീഡിയോ