സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
ദില്ലി : ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പിടിയിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ദില്ലി കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ 13 നായിരുന്നു ദില്ലി പൊലീസിന്റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് സി ജെ പിയുടെ മിന്നല്‍ പ്രതിഷേധം. പാര്‍ലമെന്റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില് ചാടി കടന്ന് പ്രവര്‍ത്തകര്‍ ജന്തർമന്തറിന് ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും, ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സി ജെ പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം.
