ദില്ലി: കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ മുന്നറിയിപ്പ്. ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അടുത്തുള്ള എഫ്ആർആ‌ര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.

അതേസമയം ഇറ്റലിയിൽ നിന്ന് 42 മലയാളകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ സംസ്ഥാനത്ത് ഇറ്റലിയിൽ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന്‌ ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക