ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സമരക്കാരില്‍ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടകയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പുതിയ തന്ത്രവുമായി കര്‍ണ്ണാടക പൊലീസ്. ഇന്നലെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തില്‍ ഇന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കര്‍ണ്ണാടകയില്‍ തെരുവിലിറങ്ങിയത്. 

ഇവരെ ഏങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങിയ പൊലീസ് മംഗലാപുരത്ത് നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ രാവിലെ തന്നെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ കര്‍ണ്ണാടക പൊലീസ് വിട്ടയച്ചിട്ടില്ല. മാത്രമല്ല ഇവരെ പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഒരോരുത്തരെയും പല സ്ഥലങ്ങളിലാണ് പൊലീസ് പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെയാണ് ബംഗളൂരുവില്‍ പ്രതിഷേധിക്കാനായെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രതിഷേധക്കാരോട് വ്യത്യസ്തമായ പ്രതിരോധവുമായി ബംഗളൂരു ഡിസിപി ചേതന്‍ സിംഗ് റാത്തോര്‍ രംഗത്തെത്തിയത്. 
 

പ്രതിഷേധിക്കാനെത്തിയവരോട് സമാധാനപരമായി ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞ് പോകണമെന്ന് ഡിസിപി ചേതന്‍ സിംഗ് റാത്തോര്‍ ആവശ്യപ്പെട്ടു. ബംഗളൂരു ടൗണ്‍ ഹാളിന് സമൂപത്ത് ഒത്തുകൂടിയ പ്രതിഷേധക്കാരോടാണ് പിരിഞ്ഞ് പോകാന്‍ ഡിസിപി ചേതന്‍ സിംഗ് റാത്തോര്‍ ആവശ്യപ്പെട്ടത്. ഡിസിപിയുടെ ആവശ്യം പ്രതിഷേധക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് ഡിസിപി പ്രതിഷേധക്കാര്‍ക്ക് ദേശീയ ഗാനം ചൊല്ലിക്കൊടുത്തു. പ്രതിഷേധക്കാര്‍ ഇതേറ്റു പാടി. 

ദേശീയ ഗാനത്തിന് ശേഷം ജാതിക്കും മതത്തിനും അപ്പുറം നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോപം സമൂഹവിരുദ്ധര്‍ അവരുടെ സ്ഥാപിത താത്പര്യത്തിനായി മുതലെടുക്കുമെന്നും അതിനാല്‍ പിരിഞ്ഞ് പോകണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ബംഗളൂരുവില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.