Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് കലാപം; രാജ്യം വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി, ലണ്ടനിലേക്ക് പോകുമെന്ന് സൂചന

ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

Bangladesh PM Sheikh Hasina arrived in Delhi go to London soon
Author
First Published Aug 5, 2024, 6:06 PM IST | Last Updated Aug 5, 2024, 10:05 PM IST

ദില്ലി: സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച്  ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സൈനിക മേധാവി അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ക് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്.

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു. ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി  ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിട്ടു. സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന.

Also Read: ലോകത്തിന്റെ കണ്ണുകൾ വീണ്ടും ബംഗ്ലാദേശിലേക്ക്, ആരാണ് ഷെയ്ഖ് ഹസീന, എവിടെയാണ് പിഴച്ചത്

പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയിൽ തകർത്തു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും എല്ലാ പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാൻ പ്രഖ്യാപിച്ചു.  അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios