Asianet News MalayalamAsianet News Malayalam

ബം​ഗ്ലാദേശ് കലാപം; സ്ഥിതി​ഗതികൾ വിലയിരുത്തി രാഹുൽ​ഗാന്ധി, വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച

അതേസമയം, ബം​ഗ്ലാദേശിൽ കലാപം രൂക്ഷമാവുകയാണ്. പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രക്ഷോഭകർ ഇരിപ്പിടങ്ങൾ കയ്യേറുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു. 

Bangladesh violence Assessing the situation, Rahul Gandhi met with the External Affairs Minister s jayashanker
Author
First Published Aug 5, 2024, 8:06 PM IST | Last Updated Aug 5, 2024, 8:06 PM IST

ദില്ലി: കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ബം​ഗ്ലാദേശിലെ സ്ഥിതി​ഗതികൾ വിലയിരുത്തി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ ബം​ഗ്ലാദേശിലെ സാഹചര്യമാണ് രാഹുൽ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്. അതേസമയം, ബം​ഗ്ലാദേശിൽ കലാപം രൂക്ഷമാവുകയാണ്. പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രക്ഷോഭകർ ഇരിപ്പിടങ്ങൾ കയ്യേറുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു. 

അതിനിടെ, പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു. ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിടുകയായിരുന്നു. സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടതെന്നാണ് സൂചന.

പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയിൽ തകർത്തു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും എല്ലാ പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാൻ പ്രഖ്യാപിച്ചു. അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു.

കനത്തമഴയിൽ വെള്ളം മൂടിയ പട്ടാമ്പി പാലം നാളെ തുറക്കും; യാത്രകൾക്ക് നിബന്ധന, ഉത്തരവുമായി കളക്ടർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios