ദില്ലി: പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് പുതിയ ബാങ്കുകൾ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ. കറുത്ത ബാഡ്ജ് ധരിച്ചാണ് പൊതു-സ്വകാര്യ ബാങ്ക് ജീവനക്കാർ ഇന്ന് ജോലി ചെയ്യാനെത്തിയത്. 

സാമ്പത്തിക വളർച്ച ഉറപ്പാക്കാനുള്ള നടപടിയുടെ മുന്നോടിയായാണ് രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്ര സ‍ർക്കാർ തീരുമാനിച്ചത്. നടപടിക്കെതിരെ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം നടന്നത്.  ഉചിതമായ സമയത്തല്ല ലയനം നടത്തുന്നത്. ഇതിലൂടെ ആറ് പൊതുമേഖല ബാങ്കുകളാണ് ഇല്ലതാവുക. തീരുമാനം കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധ പ്രകടനവും നടന്നു. 

സെപ്റ്റംബർ പതിനൊന്നിന് ദില്ലിയിൽ ചേരുന്ന യോഗത്തിൽ ഭാവി സമരപരിപാടികൾ തീരുമാനിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി പൊതുമേഖല ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. ചൈനയെ പോലെ  വളർച്ചക്ക് ബാങ്കുകളെ പ്രാപ്തമാക്കാനും, ഇന്ത്യയെ അടുത്ത അഞ്ച് വർഷത്തിൽ അഞ്ച് ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക ശക്തിയാക്കാനുമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.