Asianet News MalayalamAsianet News Malayalam

മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്രം; രാജ്യം വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രീംകോടതി

മൊറട്ടോറിയം കാലാവധി വേണമെങ്കിൽ രണ്ടുവര്‍ഷം വരെ നീട്ടാൻ സാധിക്കുമെന്നതാണ് കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. ഇതിനായി ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി ഒരു തീരുമാനത്തിൽ എത്തണം.

bank moratorium supreme court postpones cases to september 2 center says it is possible to extend
Author
Delhi, First Published Sep 1, 2020, 12:58 PM IST

ദില്ലി: ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ‍സുപ്രീംകോടതിയെ അറിയിച്ചു. പക്ഷെ, രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തി.

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മൊറട്ടോറിയം കാലാവധി വേണമെങ്കിൽ രണ്ടുവര്‍ഷം വരെ നീട്ടാൻ സാധിക്കുമെന്നതാണ് കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. ഇതിനായി ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി ഒരു തീരുമാനത്തിൽ എത്തണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്നും സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വാദിച്ചു. 

രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് നാളത്തേക്ക് മാറ്റിയത്. ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയിൽ ഇളവ് നൽകണം എന്നുമാണ് ആവശ്യം.

ലോക് ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായം. അതിനാൽ ബാങ്ക് വായ്പയുടെ കാര്യത്തിൽ നിര്‍ണായകമായ കോടതി തീരുമാനത്തിനുള്ള സാധ്യത തന്നെയാണ് ഉള്ളത്.

മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ർഘിപ്പിച്ചിരുന്നു. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചില്ലായിരുന്നു. 

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios