Asianet News MalayalamAsianet News Malayalam

ഷവറും കുടയും അടക്കം വന്‍ സൗകര്യങ്ങളോടെ 'കല്യാണി'ക്കായി ബാത്തിംഗ് പൂള്‍, ചെലവ് 50 ലക്ഷം

10 മീറ്റര്‍ നീളവും 1.8 മീറ്റര്‍ ആഴവുമുള്ളതാണ് കല്യാണിയ്ക്കായി നിര്‍മ്മിച്ച കുളം.1.2 ലക്ഷം ലിറ്റര്‍ ജലം കുളത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഷവര്‍ സൌകര്യവും കുടയുടെ തണലും അടക്കമുള്ള സൌകര്യങ്ങള്‍ കല്യാണിക്കായി കുളത്തില്‍ ഒരുക്കിയിട്ടുണ്ട്.

bathing pool for temple elephant kalyani built in 50 lakh expense in tamilnadu etj
Author
First Published Feb 9, 2023, 9:30 AM IST

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ ആനയ്ക്ക് ബാത്തിംഗ് പൂള്‍ തയ്യാറാക്കാനായി ചെലവിട്ടത് 50 ലക്ഷം രൂപ. കോയമ്പത്തൂരിലെ പേരൂര്‍ പട്ടേശ്വരര്‍ ക്ഷേത്രത്തിലെ ആനയായ കല്യാണിക്കാണ് ആഡംബര കുളം നിര്‍മ്മിച്ചത്. കുളത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച നടന്നു. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖറാണ് ബാത്തിംഗ് പൂളിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 10 മീറ്റര്‍ നീളവും 1.8 മീറ്റര്‍ ആഴവുമുള്ളതാണ് കല്യാണിയ്ക്കായി നിര്‍മ്മിച്ച കുളം.

2022-23 വര്‍ഷത്തിലെ ബജറ്റിലെ പ്രഖ്യാപനത്തിലൊന്നാണ് കല്യാണിക്കായുള്ള കുളം. 12.4 മീറ്റര്‍ നീളമുള്ള ചരിഞ്ഞ റാംപിലൂടെ അനായാസം കല്യാണിക്ക് കുളത്തിലേക്ക് ഇറങ്ങാനാവും. നാലടി ആഴത്തില്‍ കുളത്തില് വെള്ളം നിറയ്ക്കുമ്പോള്‍ 1.2 ലക്ഷം ലിറ്റര്‍ ജലം കുളത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളിലായി 29 ആനകളാണ് ഉള്ളതെന്ന് മന്ത്രി വിശദമാക്കി. ഇതില്‍ 25 ക്ഷേത്രങ്ങള്‍ക്കും ആനകള്‍ക്കായുള്ള ബാത്തിംഗ് പൂളുകളുണ്ട്.

മറ്റ് രണ്ട് ക്ഷേത്രങ്ങളിലായി സമാന രീതിയിലുള്ള പൂളുകളുടെ നിര്‍മ്മാണം നടക്കുകയാണെന്നും മന്ത്രി വിശദമാക്കി. വേനല്‍ക്കാലത്ത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിലുള്ള ആനകള്‍ക്ക് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

തനിയ്ക്കായി നിര്‍മ്മിച്ച പൂളിലേക്ക് ഇറങ്ങി വെള്ളത്തില്‍ കളിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 2000 വര്‍ഷത്തോളം പഴക്കമുള്ള പേരൂര്‍ ക്ഷേത്രത്തിലേക്ക് 1996ലാണ് കല്യാണിയെ കൊണ്ടുവന്നത്. ഭഗന്‍ രവി എന്നയാളാണ് കല്യാണിയെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും. ക്ഷേത്രത്തിലെത്തുന്ന വലുപ്പ ചെറുപ്പമില്ലാത്ത ഭക്തരുടെ എല്ലാം തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കല്യാണി. കല്യാണിയെ തന്നെ കാണാനായി ക്ഷേത്ര ദര്‍ശനം നടത്തുന്നവരുണ്ടെന്നാണ് ക്ഷേത്ര ഭാഗവാഹികള്‍ പറയുന്നത്.

തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

32 വയസാണ് കല്യാണിയുടെ പ്രായം. ക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് കുളം നിര്‍മ്മിച്ചിട്ടുള്ളത്. കല്യാണിക്ക് പൂളിലേക്ക് ഇറങ്ങാനുള്ള റാംപിന് 300 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമാണ് ഉള്ളത്. ഷവര്‍ സൌകര്യവും കുടയുടെ തണലും അടക്കമുള്ള സൌകര്യങ്ങള്‍ കല്യാണിക്കായി കുളത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട കുളിക്ക് ശേഷം പത്ത് കിലോമീറ്റര്‍ കല്യാണിയെ നടത്തണം എന്ന ലക്ഷ്യത്തോടെയാണ് കുളവും സമീപത്തായി വാക്ക് വേയും തയ്യാറാക്കിയിട്ടുള്ളത്.

എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Follow Us:
Download App:
  • android
  • ios