വിജയവാഡ: വൃദ്ധനായ യാചകന്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടു ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ 73കാരനായ യാഡി റെഡ്ഡിയാണ് ഇത്രയും വലിയ തുക സായി ബാബ ക്ഷേത്രത്തിന് നല്‍കിയത്. ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന ഇയാള്‍ ആദ്യ കാലങ്ങളില്‍ റിക്ഷാ വലിക്കുകയായിരുന്നു. അമ്പലത്തിലേക്ക് ആദ്യം ഒരു ലക്ഷം നല്‍കി. എന്നാല്‍ ആരോഗ്യം നശിച്ചതോടെ കൂടുതല്‍ പണം നല്‍കുകയായിരുന്നെന്ന് റെഡ്ഡി പറഞ്ഞു.

ക്ഷേത്രത്തിന് പണം നല്‍കിയത് മുതല്‍ വരുമാനം വര്‍ധിച്ചെന്നും സംഭാവന നല്‍കിയതോടെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഉറപ്പു കൊടുത്തിട്ടുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. റെഡ്ഡി നല്‍കിയ സംഭാവന തുക കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം. ആളുകള്‍ സ്വമേധയാ പണം നല്‍കുന്നതാണെന്നും ആരോടും സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു.