അമരാവതി: എഴുപത്തി മൂന്നുകാരനായ ഭിക്ഷക്കാരന്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടുലക്ഷം രൂപ. ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡിയാണ് ഇത്രയും വലിയൊരു തുക സംഭാവന നൽകിയത്. സായി ബാബ ക്ഷേത്രത്തിനാണ് റെഡ്ഡി തുക കൈമാറിയത്.

“നാല്പത് വർഷം ഞാൻ റിക്ഷ വലിക്കുകയായിരുന്നു. ആദ്യം ഒരുലക്ഷം രൂപയാണ് സായി ബാബ ക്ഷേത്രത്തിന്  കൊടുത്തത്. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇതാണ് കൂടുതൽ പണം ക്ഷേത്രത്തിന് നൽകാൻ കാരണം,“റെഡ്ഡി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയതിന് പിന്നാലെ തന്റെ വരുമാനത്തിൽ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

പണം നൽകിയതിന് പിന്നാലെ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. വരുമാനത്തിലുണ്ടായ വർദ്ധനവ് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എനിക്ക് കിട്ടുന്ന എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ഞാന്‍ ദൈവത്തിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റെഡ്ഡി പറയുന്നു.

യാഡി റെഡ്ഡിയുടെ പണം ഉപയോ​ഗിച്ച് ഗോശാല നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. തങ്ങള്‍ ആരോടും സംഭാവനകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആളുകൾ സ്വമേധയാ നൽകുന്നതാണെന്നും അവർ വ്യക്തമാക്കി.