Asianet News MalayalamAsianet News Malayalam

ബീഗം ജഹനാര ഷാനവാസ്, വോട്ടവകാശവും സ്ത്രീസംവരണവും പൊരുതി നേടിയ വനിത, ചരിത്രത്തില്‍ തിളങ്ങുന്ന പേര്...

1935ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ടിന്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച ജോയിന്റ് സെലക്ട് കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്നു ബീഗം ജഹനാര ഷാനവാസ്

Begum Jahanara Shahnawaz won the right to vote for the Indian women SSM
Author
First Published Sep 20, 2023, 4:48 PM IST

ദില്ലി: വനിതാ സംവരണ ബില്ലില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ ചേര്‍ത്തു വായിക്കേണ്ട പേരുകളിലൊന്നാണ് ബീഗം ജഹനാര ഷാനവാസിന്‍റേത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക്  വോട്ടവകാശവും സ്ത്രീ സംവരണവും ലഭിക്കാന്‍ പോരാടിയ വനിതയാണ് അവര്‍. 'ഇന്ത്യയുടെ ഭാവി സ്ത്രീകളുടെ കൈകളിലാണ്' എന്ന് 1927ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൈമണ്‍ കമ്മീഷനെക്കൊണ്ട് പറയിച്ചത് ജഹനാരയുടെ സമരങ്ങളാണ്. 

1935ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ ആക്ടിന്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച ജോയിന്റ് സെലക്ട് കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്നു ബീഗം ജഹനാര ഷാനവാസ്.  അതിനു മുന്‍പ് ആദ്യ വട്ടമേശ സമ്മേളനത്തിൽ രണ്ട് വനിതാ പ്രതിനിധികളിൽ ഒരാളായി ബീഗം ജഹനാര പങ്കെടുത്തു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് വനിതകളില്‍ ഒരാളും മൂന്നാം വട്ടമേശ സമ്മേളനത്തിലെ ഏക വനിതയുമായിരുന്നു ജഹനാര.

ഇന്ത്യയിലെ ജനങ്ങൾ മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഈ ആഗ്രഹം ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാർക്ക് ശക്തിയില്ലെന്നും ഒന്നാം വട്ടമേശ സമ്മേളനത്തിൽ ജഹനാര പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചത്. സ്ത്രീകൾക്ക് വോട്ടവകാശം നല്‍കണമെന്ന് ജഹനാര വാദിച്ചു. 

ഇംഗ്ലണ്ടിൽ താമസിക്കുന്ന കാലത്തും ഇന്ത്യൻ സ്ത്രീകളുടെ വോട്ടവകാശത്തിനായി ജഹനാര സജീവമായി ഇടപെട്ടു. മൂന്ന് വട്ടമേശ സമ്മേളനങ്ങള്‍ക്ക് ശേഷം 1933 ൽ സ്ഥാപിതമായ സെലക്ട് കമ്മിറ്റിയിൽ ജഹനാര അംഗമായിരുന്നു. ഇന്ത്യൻ സ്ത്രീകൾക്ക് നിയമ നിർമാണ സഭകളിൽ സംവരണവും വോട്ടവകാശവും നൽകണമെന്ന് അഖിലേന്ത്യാ വനിതാ കമ്മീഷന് (എഐഡബ്ല്യുസി) മുന്നിലും ജഹനാര ആവശ്യപ്പെടുകയുണ്ടായി. 

ലേഡി റീഡിംഗ്, ലേഡി ആസ്റ്റർ, ലേഡി പെത്വിക്ക് ലോറൻസ്, റാത്ത്‌ബോൺ എന്നിങ്ങനെയുള്ള ഇംഗ്ലണ്ടിലെ വനിതാവകാശ പ്രവര്‍ത്തകരുടെ പിന്തുണ ജഹനാര നേടി. ഒടുവില്‍ 1935ൽ ഗവൺമെന്റ് ഓഫ് ഇന്ത്യാ നിയമ പ്രകാരം 6,00,000 സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. ലെജിസ്ലേറ്റീവ് അസംബ്ലികളില്‍ സ്ത്രീകള്‍ക്ക് സംവരണവും ലഭിച്ചു. ഇന്ത്യന്‍ വനിതകളെ സംബന്ധിച്ച് ഇത് ചരിത്രപരമായ നേട്ടമായിരുന്നു. 1937ലെ തെരഞ്ഞെടുപ്പിൽ 80 സ്ത്രീകൾ പ്രവിശ്യാ നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ഇന്ത്യാ വിഭജനത്തോടെ  ബീഗം ജഹനാര പാകിസ്ഥാനിലെത്തി. വനിതാ സംവരണ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കാനിരിക്കെ ബീഗം ജഹനാര നടത്തിയ പോരാട്ടങ്ങള്‍ പ്രസക്തമാണ്. 

Follow Us:
Download App:
  • android
  • ios