ഉത്തർപ്രദേശിന് പുറത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ പങ്കെടുത്ത പ്രിയങ്ക രാജ്യശ്രദ്ധയാകർഷിക്കുകയാണെന്നതിൽ എതിരാളികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ തികഞ്ഞ പക്വതയാർന്ന വെല്ലുവിളിയാണ് അവർ നടത്തിയതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്

ദില്ലി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഹുൽഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തിയതുമുതൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയും പ്രവർത്തകർ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ഒന്നരപതിറ്റാണ്ടിലേറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തിയിട്ട് അധികം നാളായിട്ടില്ല. കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചടുത്തോളം പ്രിയങ്കയുടെ വരവ് നൽകിയ ആവേശം ചെറുതല്ല. നിർണായകമായ പൊതുതെരഞ്ഞെടുപ്പ് യുദ്ധത്തിൽ രാഹുൽഗാന്ധി പട നയിക്കുമ്പോൾ കരുത്ത് പകരുകയാണ് പ്രിയങ്ക.

ഉത്തർപ്രദേശിന് പുറത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ പങ്കെടുത്ത പ്രിയങ്ക രാജ്യശ്രദ്ധയാകർഷിക്കുകയാണെന്നതിൽ എതിരാളികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ തികഞ്ഞ പക്വതയാർന്ന വെല്ലുവിളിയാണ് അവർ നടത്തിയതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്. പൊതുയോഗങ്ങളും പ്രചരണ റാലികളുമായി രാജ്യമാകെ പോരാട്ടം നയിക്കാൻ തയ്യാറെടുക്കുന്ന പ്രിയങ്ക വ്യത്യസ്ഥമായ വാക് പ്രയോഗം കൊണ്ടും കൈയ്യടി നേടുകയാണ്.

ഗുജറാത്തിലെ പൊതുയോഗത്തിൽ 'ബഹനോം ഓർ ഭായിയോം' എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. സാധാരണഗതിയിൽ എല്ലാവരും ഭായിയോം ഓർ ബഹനോം എന്നാണ് പ്രയോഗിക്കാറുള്ളത്. മോദിയും ഭായിയോം ഓർ ബഹനോം എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. രാഹുൽ ഗാന്ധിയും ഏറക്കുറെ ഇത് അനുകരിക്കാറുണ്ട്. എന്നാൽ കേട്ടുപരിചയിച്ച വാക്പ്രയോഗങ്ങൾ ഏറ്റുപിടിക്കാനില്ലെന്ന പ്രഖ്യാപനമാണ് പ്രിയങ്കയുടെ 'ബഹനോം ഓർ ഭായിയോം' പ്രയോഗമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സ്ത്രീകൾക്ക് മുൻഗണന ലഭിക്കണമെന്ന ആശയം കൂടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി മുന്നോട്ട് വയ്ക്കുന്നതെന്ന് പറയുന്നവരും കുറവല്ല. ട്വിറ്ററിൽ സുഷ്മിത ദേവ് ആണ് പ്രിയങ്കയുടെ 'ബഹനോം ഓർ ഭായിയോം' പ്രയോഗം ചൂണ്ടികാട്ടിയത്. ആരും അത് ശ്രദ്ധിച്ചില്ലെന്നാണ് കരുതിയതെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്ക അത് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…