ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് മമത ബാനർജി പറഞ്ഞു

ദില്ലി: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊല (Birbhum violence) കേസില്‍ അഗ്നിശമന ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ ടിഎംസി ബ്ലോക്ക് പ്രസിഡന്‍റിനെ സിബിഐ ചോദ്യം ചെയ്തു. ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പോകുന്നതെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് മമത ബാനർജി പറഞ്ഞു

രാംപൂര്‍ഹാട്ടിലെ സംഘർഷ സ്ഥലത്ത് ഇന്ന് പരിശോധന നടത്തിയ സിബിഐ സംഘം തീവെക്കപ്പെട്ട വീടുകളില്‍ നിന്ന് സാന്പിളുകള്‍ ശേഖരിച്ചു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സംഘർഷത്തില്‍ പരിക്കേറ്റവരുടെ മൊഴിയെടുക്കുന്നതിനൊപ്പം രാംപൂര്‍ഹാട്ടിലെ അഗ്നിശമനസേന, പൊലീസ് ഉദ്യോസ്ഥരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി. 

വീടുകള്‍ തീവെക്കപ്പെട്ട രാത്രിയില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ അഗ്നിശമനസേനക്ക് തീ അണക്കാനായെങ്കിനും ചൂട് കാരണം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിരുന്നിരുന്നില്ല. പിന്നീട് പുലർച്ചെ വീണ്ടും എത്തിയാണ് രക്ഷാപ്രവർത്തനം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ മൂന്ന് മൃതദേഹങ്ങളും രാവിലെ എട്ട് മൃതദേഹങ്ങളം കിട്ടിയെന്ന ഉദ്യോഗസ്ഥരിലൊരാള്‍ സംഭവദിവസം മൊഴി നല്‍കിയിരുന്നു. ഇത് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന പ്രചരണത്തിന് കാരണമായി. ഇതിലടക്കം വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. 

Birbhum Violence: മമത ബാനർജി രാംപൂർഹട്ടിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം

കേസില്‍ പ്രതിയായ ടിഎംസി ബ്ലോക്ക് പ്രസിഡന്‍റ് അനാറുള്‍ ഹുസൈനെ ഇന്ന് സിബിഐ ചോദ്യം ചെയ്തു. പൊലീസ് പ്രതികളാക്കിയ 21 പേരെയും പ്രതി ചേർ‍ത്താണ് സിബിഐയും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്‍. അന്വേഷണം സംസ്ഥാന പൊലീസില്‍ നിന്ന് സിബിഐയിലേക്ക് മാറിയതിന് പിന്നാലെ മുന്നറിയപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തിന് പിന്നില്‍ ഗൂഢോലോചന ഉണ്ടെന്നും അന്വേഷണം ബിജെപിയുടെ ഉത്തരവുകള്‍ക്ക് അനുസരിച്ചാണ് പ്രതിഷേധിക്കുമെന്നും മമത പറഞ്ഞു. ബംഗാളിലെത് പോലെയുള്ള അക്രമങ്ങള്‍ യുപിയിലും ദില്ലിയിലും അടക്കും ഉണ്ടായിട്ടണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിയെ പോലും സംഘർഷ സ്ഥലം സന്ദർശിക്കുന്നതില്‍ നിന്ന് സംസ്ഥാന സർക്കാർ വിലക്കുന്നില്ലെന്നും മമത പറഞ്ഞു.