ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യത്ത് ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമങ്ങളെ ശശി തരൂർ അപലപിച്ചു. മഹാഭാരതത്തിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തോട് കേന്ദ്ര സർക്കാരിന്റെ മൗനത്തെ ഉപമിച്ച അദ്ദേഹം, ഭരണപക്ഷത്ത് നിന്ന് ആരെങ്കിലും ഇതിനെതിരെ ശബ്ദിക്കണമെന്ന് പറഞ്ഞു

ദില്ലി: ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യത്ത് പലയിടത്തായി ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തീവ്ര വലതു സംഘടനകൾ നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഈ മൗനം അക്രമികൾക്കുള്ള പരോക്ഷ പിന്തുണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാഭാരതത്തിൽ പാഞ്ചാലി കൗരവ സഭയിൽ അപമാനിക്കപ്പെട്ടത് പരാമർശിച്ചുകൊണ്ടായിരുന്നു ശശി തരൂർ എക്സിലെ കുറിപ്പിൽ വിമർശനം ഉന്നയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

'മഹാഭാരതത്തിൽ, കൗരവ സദസ്സിൽ, ഗുരുക്കന്മാരുടെയും, മുതിർന്നവരുടെയും, പാണ്ഡവരുടെയും സാന്നിധ്യത്തിൽ, ദുശ്ശാസനൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചപ്പോൾ, ഭീഷ്മർ പോലും മൗനം പാലിച്ചു. ആ സമയത്ത്, പാണ്ഡവ പക്ഷത്തുനിന്നല്ല, മറിച്ച് കൗരവരുടെ ഭാഗത്ത് നിന്നാണ് പ്രതിഷേധത്തിന്റെ ശബ്ദം ഉയർന്നത്. ദുര്യോധനനോട് സഹോദരനായ വികർണ്ണൻ 'ഇത് അന്യായമാണ്, ഇത് അധർമ്മമാണ്' എന്ന് പറഞ്ഞു. അധികാരത്തിലുള്ള ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ ആരെങ്കിലും 'ഈ ക്രൂരത നിർത്തൂ' എന്ന് പറയാൻ കാത്തിരിക്കുന്നു'- ശശി തരൂർ എക്സിൽ കുറിച്ചു.

ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ ഭൂരിപക്ഷം കാഴ്ചക്കാരായി നിന്നാൽ സമാധാനം ഇല്ലാതാവും. ഹിന്ദുക്കളും, മുസ്ലീങ്ങളും ക്രിസ്ത്യാനികളുമടക്കം എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ സഹവർത്തിത്തോടെ കഴിയുന്നതുകൊണ്ടാണ് കേരള മോഡൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ചുള്ള പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.