കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി എംഎല്‍എയെ മാര്‍ക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ ദേബേന്ദ്രനാഥ് റായിയെയാണ് കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് ദിനജ്പുര്‍ ജില്ലയിലെ ഹെംതാബാദ് ഏരിയയിലാണ് എംഎല്‍എയുടെ മൃതദേഹം കണ്ടെത്തിയത്. എംഎല്‍എയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ദേബേന്ദ്രനാഥിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

രാത്രി ഒരുമണിയോടെ ചിലര്‍ വന്ന് ദേബേന്ദ്രനാഥിനെ വിളിച്ചുകൊണ്ടുപോയെന്ന് കുടുംബത്തിലെ ഒരംഗം ആരോപിച്ചു. മരണത്തില്‍ അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളാണ് എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് ബംഗാളില്‍ തുടരുകയാണെന്ന് ബിജെപി നേതാവ് കൈലഷ് വിജയ് വര്‍ഗിയ ആരോപിച്ചു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തുന്നവരെ കൊലപ്പെടുത്തുകയാണ്. ബിജെപിയില്‍ ചേര്‍ന്നതാണോ ഇവര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു. 

ഹെംതാബാദ് സംവരണ മണ്ഡലത്തില്‍നിന്ന് സിപിഎം എംഎല്‍എമായി കോണ്‍ഗ്രസ് പിന്തുണയോടെയാണ് ദേബേന്ദ്രനാഥ് റായ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.