ദില്ലി: കർഷക ബില്ലിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെരുവിലിറങ്ങാൻ തയ്യാറാണെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബം​ഗാൾ ​ഗവർണർ ജ​ഗദീപ് ധൻഖർ. കൊറോണ വൈറസ് മ​ഹാമാരിയെ തുടർന്ന് കേന്ദ്രപദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് നഷ്ടപ്പെട്ടതിന് ശേഷം മമത ബാനർജി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിഷ്ക്രിയവും അലസവുമായ നിലപാടാണ് തൃണമൂൽ കോൺ​ഗ്രസ് സർക്കാർ സ്വീകരിച്ചതെന്ന് മമത ബാനർജിക്കയച്ച കത്തിൽ​ ​ഗവർണർ വിമർശിച്ചു. 

മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മുതലക്കണ്ണീരിന് സാധിക്കില്ല. കത്തിനൊപ്പം ട്വിറ്ററിൽ ​ഗവർണർ കുറിച്ചു. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ ബം​ഗാളിലെ 70 ലക്ഷം കർഷകർക്ക് 8400 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് മമത സർക്കാർ നിഷേധിച്ചതെന്ന് ​ഗവർണർ ആരോപിച്ചു. ഓരോ കർഷകനും 12000 രൂപ വീതം അക്കൗണ്ടിലെത്തുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാര്‍ഷിക ബില്‍ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി  ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും തെരുവുകളിലും പോരാടുമെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. വളരെയധികം പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ സഭയിൽ പാസ്സായത്. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബിൽ കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം.