കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സഹായം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിച്ചു. അവര്‍ക്ക് ഒരുരൂപ പോലും ബിജെപി സര്‍ക്കാര്‍ നല്‍കില്ലെന്ന് വ്യക്തമായതിനാലാണ് ബംഗാള്‍ സഹായിക്കുന്നതെന്നും മമത പറഞ്ഞു.

നിയമത്തിനെതിരെ രാജാബസാറില്‍ നിന്ന് മുള്ളിക് ബസാറിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം തുടരുമെന്നും ബിജെപി തീ കൊണ്ടാണ് കളിയ്ക്കുന്നതെന്നും മമത മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികളെയും മമതാ ബാനര്‍ജി പിന്തുണച്ചു. ആരെയും പേടിക്കേണ്ട ആവശ്യമില്ല. ജാമിയ മില്ലിയ, ഐഐടി കാണ്‍പൂര്‍ തുടങ്ങിയ എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ഞങ്ങള്‍ പിന്തുണ നല്‍കും. അതോടൊപ്പം ബിജെപിക്ക് ഇത് ശക്തമായ മുന്നറിയിപ്പാണ്, ബിജെപിയും കേന്ദ്ര സര്‍ക്കാറും തീ കൊണ്ട് കളിയ്ക്കരുതെന്നും മമത പറഞ്ഞു. 

മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിച്ചു. അന്വേഷണം പൂര്‍ത്തിയാകും വരെ നഷ്ടപരിഹാരം നല്‍കില്ലെന്നാണ് കര്‍ണാടക സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ നിലപാട്.