കൊല്‍ക്കത്ത: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. തൊഴിലാളികളുടെ പാലായനം വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അത്തരമൊരു ദുരിത യാത്രയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് 34 കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബവും ബംഗാളിലേക്ക് എത്തിയത് യാത്രക്കിടെ മരിച്ച ഒപ്പമുള്ള ആളുടെ മൃതദേഹവുമായി. കടുത്ത പനിയും ശ്വാസകോശ സംബന്ധമായ അസുഖവുമുള്ള സുദര്‍ശന മൊണ്ടല്‍ എന്ന വ്യക്തിയാണ് മരിച്ചത്. ബംഗാളിലെ തെക്കന്‍ മിഡ്‌നാപുര്‍ ജില്ലയിലെ പിംഗളയിലേക്കായിരുന്നു തൊഴിലാളികള്‍ മൃതദേഹവുമായി എത്തിയത്. 

വാഹനം ആന്ധ്രപ്രദേശ്- ഒഡിഷ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു സുദര്‍ശനന്റെ മരണം. തൊഴിലാളികള്‍ രണ്ട് സ്ഥലങ്ങളില്‍ നിര്‍ത്തി ഒഡിഷ പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ രണ്ട് സ്ഥലത്തും പൊലീസ് സഹായിച്ചില്ല. മാത്രമല്ല എത്രയും പെട്ടെന്ന് രോഗിയുമായി സംസ്ഥാനം വിടാനാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാനാണ് പൊലീസുകാരോട് സഹായം തേടിയത്. എന്നാല്‍ അവര്‍ സഹായിച്ചില്ലെന്നും അവർ പറയുന്നു.

'മൃതദേഹം കിടന്ന സീറ്റിന് തൊട്ടുമുന്നില്‍ രണ്ട് വയസുള്ള മകള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇരുന്നത്. ഒരോ നിമിഷവും ഓരോ മണിക്കൂറുകളായാണ് അനുഭവപ്പെട്ടത്. ഭയപ്പെടുത്തിയ യാത്രയായിരുന്നു അത്' തൊഴിലാളികളിൽ ഒരാളായ ശര്‍മിഷ്ഠ ബെര പറഞ്ഞു.