ബംഗാള്‍ ഡിജിപിയോടാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിന് വിട്ട കൊലപാതക, ബലാത്സംഗ കേസുകളുടെ വിശദാംശങ്ങളാണ് തേടിയത്. കൽക്കട്ട ഹൈക്കോടതിയാണ്  കൊലപാതക, ബലാത്സംഗ കേസുകൾ സിബിഐയോട്  അന്വേഷിക്കാൻ ആവശ്യപ്പെട്ടത്

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസുകളുടെ വിശദാംശങ്ങൾ തേടി സിബിഐ. ബംഗാള്‍ ഡിജിപിയോടാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിന് വിട്ട കൊലപാതക, ബലാത്സംഗ കേസുകളുടെ വിശദാംശങ്ങളാണ് തേടിയത്. കൽക്കട്ട ഹൈക്കോടതിയാണ് കൊലപാതക, ബലാത്സംഗ കേസുകൾ സിബിഐയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഇന്നലെയാണ് കല്‍ക്കട്ട ഹൈക്കോടതി സിബിഐക്ക് വിട്ടത്. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ആറാഴ്ചക്കകം റിപ്പോർട്ട് നൽകണം. കോടതി ഉത്തരവ് പശ്ചിമബംഗാൾ സർക്കാരിന് വലിയ തിരിച്ചടിയായി മാറിയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റുമുട്ടൽ 11 പേരുടെ മരണത്തിന് കാരണമായെന്ന് അഭിഭാഷകൻ അനിന്ദ്യ സുന്ദർ ദാസ് നൽകിയ ഹർജിക്ക് പിന്നാലെ ഹൈക്കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സംഭവത്തിൽ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ, മലയാളിയായ സി വി ആനന്ദ ബോസ് ഐഎഎസ് അടങ്ങുന്ന അഞ്ചം​ഗ കമ്മിറ്റിയാണ് ആക്രമണങ്ങളിൽ വസ്തുതാപഠനം നടത്തിയത്.

അന്വേഷണത്തിനായി ബം​ഗാളിലെത്തിയ തങ്ങൾ നേരിട്ടറിഞ്ഞത് ഹൃ​ദയഭേദകമായ കാര്യങ്ങളെന്ന് ആനന്ദ് ബോസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സംഘ‍ഷത്തിനിടെ മാതാപിതാക്കൾക്കും ഭ‍ർത്താവിനും സഹോദരങ്ങൾക്കും മുന്നിലിട്ട് ബലാത്സം​ഗം ചെയ്യപ്പെട്ട പെൺകുട്ടികളുണ്ട് ബം​ഗാളിൽ. അവുടെ വേദന നൊമ്പരമായെന്ന് അദ്ദേഹം പറഞ്ഞു. ആര് സംരക്ഷിക്കുമെന്ന് അറിയാതെയുള്ള അരക്ഷിതാവസ്ഥയാണ് ചില ഇടങ്ങളിൽ കാണാനായത്.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ അന്വേഷിക്കാൻ അവ‍ർ തയ്യാറാകുന്നില്ല. പകരം പരാതിക്കാ‍ർ പ്രതികളാകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ടെന്നും ജനങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞതായി സി വി ആനന്ദ ബോസ് വ്യക്തമാക്കി. സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് ഭരണഘടനാപരമായ തങ്ങളുടെ ക‍ർത്തവ്യം നടപ്പിലാക്കുന്നതിൽ വീഴ്ചപറ്റി. അവ‍ർ നീതിയും ന്യായവും നടപ്പിലാക്കുന്നില്ല. ഇത് അവസാനിപ്പിക്കാനുള്ള നി‍ർദ്ദേശങ്ങൾ എൻഎച്ച്ആ‍ർസി കമ്മിറ്റീ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഘ‍ർഷങ്ങളിൽ ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവും കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ടെന്നും സി വി ആനന്ദ ബോസ് കൂട്ടിച്ചേ‍ർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona