പശ്ചിമ ബംഗാളിലെ എസ്ഐആർ കേസുമായി ബന്ധപ്പെട്ട്, ഒരു മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തരുതെന്നും ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തിരഞ്ഞെടുപ്പിന് ശേഷവും തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
ദില്ലി: പശ്ചിമ ബംഗാളിലെ എസ് ഐ ആർ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക നിരീക്ഷണങ്ങൾ. തെരഞ്ഞെടുപ്പ് പ്രക്രിയകൾ തടയുക എന്നതല്ല കോടതികളുടെ ധർമ്മമെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ് ചി വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണ് ഭൂരിപക്ഷം എങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കോടതിയുടെ ഇടപെടൽ അത്യാവശ്യമായി വരുന്നുള്ളൂ എന്നും കോടതി കൂട്ടിച്ചേർത്തു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ വോട്ടർമാർ ഞെരുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതിയുള്ളവർ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. വോട്ടവകാശം ഉറപ്പാക്കുന്നതിനൊപ്പം തന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തുടരണം
ബംഗാളില്‍ ജുഡീഷ്യൽ ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷ തുടരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇവർക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ബംഗാള്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജുഡീഷ്യൽ ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ വിന്യാസം സംസ്ഥാനത്ത് കൂട്ടാനും ഉത്തരവിട്ടു. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ സുരക്ഷ തുടരാനാണ് നിർദ്ദേശം.
