സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. മുൻ സഹപ്രവർത്തകൻ കൂടിയാണ് ആസിഡ് ആക്രമണം നടത്തിയ നാഗേഷ്. കഴിഞ്ഞ വ്യാഴാഴ്ച യുവതി ഓഫീസിലേക്ക് കോണിപ്പടി കയറുമ്പോഴാണ് ആക്രമണം നടന്നത്
ബെംഗളൂരു: ബെംഗളുരുവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുവാവിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിന് ഇരയായ പ്രമീള നായിഡു. മുൻ സഹപ്രവർത്തകൻ കൂടിയാണ് ആസിഡ് ആക്രമണം നടത്തിയ നാഗേഷ്. കഴിഞ്ഞ വ്യാഴാഴ്ച യുവതി ഓഫീസിലേക്ക് കോണിപ്പടി കയറുമ്പോഴാണ് ആക്രമണം നടന്നത്. പ്രതിയായ നാഗേഷ് കുപ്പിയിൽ കരുതിയ ആസിഡ് യുവതിയുടെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ തള്ളി താഴെയിട്ട് ശരീരത്തിലേക്കും ആസിഡ് ഒഴിച്ചു. പ്രണയം നിരസിച്ചതിനായിരുന്നു 24കാരിയായ യുവതിക്ക് നേരെ പ്രതി അതിക്രൂരമായ നിലയിൽ ആസിഡ് ആക്രമണം നടത്തിയത്.
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചത്. മുഖത്ത് സാരമായി പൊള്ളലേറ്റ യുവതിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. നേരത്തെ യുവതിയും നാഗേഷും ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് യുവതി ജോലി മാറിയതിന് ശേഷവും നാഗേഷ് ഓഫീസിലെത്തി ശല്യം ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാഗേഷിനായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. തന്റെ രൂപം മാറ്റി നാഗേഷ് ഉത്തരേന്ത്യയിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
