ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ ഭാഷാ തർക്കം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ബെംഗളൂരു: ബെംഗളൂരുവിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭാഷയുടെ പേരിലെ തര്‍ക്കം ചര്‍ച്ചയാകുന്നു. ഒരു ഓട്ടോ ഡ്രൈവറിൽ നിന്ന് യുവതിക്കുണ്ടായ മോശം അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. തൻ്റെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അനന്യ എസ് എന്ന യുവതി, ഡ്രൈവർ കന്നഡയിൽ രോഷത്തോടെ സംസാരിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഭയപ്പെട്ട് യുവതി അടുത്തുള്ള ഒരാളെ വിളിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ അനന്യ സംഭവം മുഴുവൻ വിവരിച്ചിട്ടുണ്ട്. റാപ്പിഡോ വഴി ബുക്ക് ചെയ്ത ഓട്ടോ യാത്രാക്കൂലിയെ ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. ആപ്പിൽ 296 രൂപ എന്ന് കാണിച്ചിട്ടും ഡ്രൈവർ 390 രൂപ ആവശ്യപ്പെട്ടുവെന്ന് അനന്യ ആരോപിക്കുന്നു. വലിയ തുക നൽകാൻ അനന്യ വിസമ്മതിച്ചപ്പോൾ ഡ്രൈവർ രോഷം പ്രകടിപ്പിച്ചു. ഇതോടെ അയാൾക്ക് നിയന്ത്രണം നഷ്ടമായി. തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെ ഹിന്ദി സംസാരിച്ചതിന് അയാൾ തന്നെ പരിഹസിക്കുകയും കന്നഡ സംസാരിക്കുന്നില്ലെങ്കിൽ ഇവിടെ താമസിക്കാൻ എനിക്ക് അവകാശമില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ, ഭാഷ പറഞ്ഞതിനെ കുറിച്ചായിരുന്നില്ല തനിക്ക് നിരാശ തോന്നിയത്. മറിച്ച് തന്നോട് പെരുമാറിയ രീതിയായിരുന്നു എന്ന് അനന്യ വ്യക്തമാക്കി.
ഇത് പ്രാദേശിക ഭാഷ പഠിക്കുന്ന വിഷയമല്ല. തനിക്ക് കന്നഡ പഠിക്കാൻ ആഗ്രഹവുമുണ്ട്. പക്ഷേ ആളുകൾ ഇങ്ങനെ പെരുമാറുമ്പോൾ, അത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. നല്ല യാത്രകൾക്ക് സാധാരണയായി താൻ വലിയ ടിപ്പ് നൽകാറുണ്ടെന്നും എന്നാൽ അധിക പണം നൽകാൻ ആരെങ്കിലും ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ വഴങ്ങില്ലെന്നും അനന്യ പറഞ്ഞു. ഞങ്ങൾ ഈ നഗരത്തിൻ്റെ ഭാഗമാണ്. ഞങ്ങൾ ഇവിടെ താമസിക്കുന്നു, ഇവിടെ ജോലി ചെയ്യുന്നു, സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നു. അതിനാൽ, ഞങ്ങൾ സംസാരിക്കുന്ന ഭാഷ ഏതുതന്നെയായാലും, ന്യായവും മാന്യതയും സുരക്ഷയും ഞങ്ങൾക്ക് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം റാപ്പിഡോ, ഈ സംഭവത്തോട് പ്രതികരിച്ചു. ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവറെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് "സ്ഥിരമായി വിലക്കിയിട്ടുണ്ട്" എന്ന് അവർ പോസ്റ്റിലെ കമന്റിൽ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഞങ്ങളുടെ ഡ്രൈവർമാർക്കായി ശക്തമായ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ഇതുപോലുള്ള നിമിഷങ്ങളിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും സുരക്ഷിതത്വമില്ലായ്മ തോന്നുകയോ സ്വയം സംശയം തോന്നുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് തെറ്റിയിട്ടില്ല. നിങ്ങൾ ഒറ്റയ്ക്കല്ല. 'നോ' പറയാൻ നിങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.' എന്നും കുറിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


