സിസിടിവി ക്യാമറകൾക്ക് പുറമേ  എമർജൻസി ബട്ടൺ, ക്യൂ ആർ കോഡുകൾ, ജിപിഎസ് എന്നിവയും സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. 

ബംഗളൂരു: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരത്തിലോടുന്ന ടാക്സികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു സംസ്ഥാന ഗതാഗത വകുപ്പിന് കത്തയച്ചു.

സിസിടിവി ക്യാമറകൾക്ക് പുറമേ എമർജൻസി ബട്ടൺ, ക്യൂ ആർ കോഡുകൾ, ജിപിഎസ് എന്നിവയും സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. പാനിക് ബട്ടൺ, ക്യൂ ആർ കോഡ് അടക്കമുള്ള സംവിധാനങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ ദൃശ്യമാവുന്ന തരത്തിൽ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചതായും കമ്മീഷണർ പറയുന്നു.

നഗരത്തിലെ സ്വകാര്യ ടാക്സികളിൽ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. മാസങ്ങൾക്ക് മുമ്പാണ് കൊൽക്കത്ത സ്വദേശിയായ മോഡലിന്‍റെ കൊലയുമായി ബന്ധപ്പെട്ട് ഓല ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കിടയിൽ യുവതിയോട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും 500 രൂപയിൽ കൂടുതൽ യുവതിയുടെ കൈവശമില്ലെന്നു മനസ്സിലായപ്പോൾ കുത്തികൊലപ്പെടുത്തി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്.

സ്വകാര്യ ടാക്സികളെ കൂടാതെ നഗരത്തിലെ ഒട്ടുമിക്ക മൾട്ടി നാഷണൽ കമ്പനികളും ജീവനക്കാർക്ക് കാബ് സൗകര്യം നൽകുന്നുണ്ട്. കാബ് ഡ്രൈവർമാരിൽ പലരും പുറത്തു നിന്നുള്ളവരായതുകൊണ്ട് ഇത് വനിതാജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുള്ള പരാതിയും ഉയർന്നിരുന്നു.