ബംഗളൂരു: ഗാര്‍മെന്റ് ഫാക്ടറികളിലെ വനിതാ ജീവനക്കാര്‍ക്ക് നൈറ്റ് ഷിഫ്റ്റ് അനുവദിച്ചു കൊണ്ട് തൊഴില്‍ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആയിരകണക്കിന് സ്ത്രീ ജീവനക്കാര്‍. നൈറ്റ് ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരുന്നതിനു മുന്‍പായി സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു ജീവനക്കാരാണ് ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധം നടത്തിയത്. വനിതാ ജീവനക്കാരുടെ ജോലി സമയം, വേതനം, സുരക്ഷ തുടങ്ങിയവ ഫാക്ടറി ഉടമകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തണമെന്നുമുളള ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നു.

വനിതാ ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്ന തൊഴില്‍ മേഖലകളിലൊന്നാണ് ഗാര്‍മെന്റ് മേഖല. അമിത ജോലിഭാരവും കുറഞ്ഞ വേതനവുമാണ് വര്‍ഷങ്ങളായി തങ്ങള്‍ക്കെന്നാണ് ജീവനക്കാരുടെ പരാതി. ''എന്റെ വീട് മണ്ഡ്യയ്ക്കു സമീപമാണ്. അതി രാവിലെ ബംഗളൂരുവിലേക്കുള്ള ട്രെയിനിലാണ് ഫാക്ടറിയിലേക്ക് വരുന്നത്. ഭര്‍ത്താവ്  ദിവസക്കൂലിക്കാരനാണ്. രണ്ടു വയസ്സുള്ള മോളെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുളള എന്റെ അമ്മയെ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്. ഇതിനു പുറമേ നൈറ്റ് ഷിഫ്റ്റ് കൂടി തുടങ്ങിയാല്‍ ജോലി നിര്‍ത്തേണ്ടി വരും'-മൈസൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ് ഫാക്ടറി ജീവനക്കാരി യശോദ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മൈസൂര്‍ റോഡില്‍ മാത്രം 20 ഓളം ഗാര്‍മെന്റ്  ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരെയുളള ചൂഷണങ്ങള്‍ താരതമ്യേന കുറഞ്ഞുവെന്നാണ് ഇതേ ഫാക്ടറി ജീവനക്കാരിയായ ലക്ഷ്മി പറയുന്നത്. ''ഒരു അഞ്ചാറു വര്‍ഷം മുന്‍പൊക്കെ സ്ത്രീകള്‍ക്ക് ലൈംഗിക ചൂഷണമുള്‍പ്പെടെയുളളവ നേരിടേണ്ടി വന്നിരുന്നു. ഇന്ന് ഈ രംഗത്ത് ചൂഷണങ്ങള്‍ ഇല്ലെന്നല്ല, അന്ന് പക്ഷേ സ്തീകള്‍ പരാതിപ്പെടാന്‍ ഭയപ്പെട്ടിരുന്നു. ഇന്ന്് സ്ഥിതിഗതികള്‍ ഏറെക്കുറെ മാറി. ഏത് തരത്തിലുള്ള അതിക്രമമായാലും അതിനെതിരെ പോരാടാന്‍ ഫാക്ടറികളില്‍ സംഘടനയുണ്ട്. കൂടാതെ പരാതികള്‍ എഴുതിയിടാനായി ഒരു ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്''. ഗാര്‍മെന്റ് മേഖലയിലെ സ്ത്രീകള്‍ക്ക് രാത്രി ജോലി അനുവദിച്ചുകൊണ്ടുള്ള ഭേദഗതിക്കെതിരെ സംസ്ഥാനത്തെ വനിതാ സംഘടനകള്‍ മുന്നോട്ട് വന്നേക്കാമെന്നും ലക്ഷ്മി പറയുന്നു.

രാത്രി ഏഴുവരെ നീളുന്ന വിവിധ ഷിഫ്്റ്റുകളിലാണ് നിലവില്‍ വനിതാ ജീവനക്കാര്‍ ജോലിചെയ്യുന്നത്. പലര്‍ക്കും ഉത്സവ സീസണ്‍ ഉള്‍പ്പെടെയുളള തിരക്കുള്ള സമയങ്ങളില്‍ അധിക സമയം ജോലി ചെയ്യേണ്ടതായും വരുന്നു.

നവജാത ശിശുക്കളും അഞ്ചുവയസ്സിനു താഴെയുളള കുഞ്ഞുങ്ങളുമായി ജോലിക്കെത്തുന്നവര്‍ വേറെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ടതായ സൗകര്യങ്ങളൊന്നും മിക്ക ഫാക്ടറികളും നല്‍കുന്നില്ലെന്ന പരാതിയുണ്ട്. കുറഞ്ഞ വേതനത്തിനാണ് പലരും ജോലി ചെയ്യുന്നത്. പലരുടെയും മാസവേതനം പതിനായിരം രൂപയില്‍ താഴെയാണെന്നും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അവിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ വേതനം 11,587 രൂപയായി സ്ഥിരപ്പെടുത്തണമെന്ന് വിജ്ഞാനം പുറപ്പെടുവിച്ചിരുന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തിയാണ് പല ഫാക്ടറികളും പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 1200 ഗാര്‍മെന്റ് യൂണിറ്റുകളില്‍ ടെക്‌സ്റ്റൈല്‍,ഡൈയിങ്, പ്രിന്റിങ് തുടങ്ങിയ വിഭാഗങ്ങളിലായി 4.5 ലക്ഷത്തോളം ജീവനക്കാരുണ്ട്. ഇവരില്‍ പകുതിയിധികം സ്ത്രീകളാണ്.