മെട്രോ സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. കോളേജിലെ സഹപാഠികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്.

ബംഗളൂരു: നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ ധ്രുവ് തക്കര്‍ എന്ന 20 വയസുകാരനാണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരു അത്തിഗുപ്പെ മെട്രോ സ്റ്റേഷനിലാണ് സംഭവം. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

'ആത്മഹത്യയാണെന്നാണ് നിഗമനം. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്.' കോളേജിലെ സഹപാഠികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നും ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡിസിപി എസ്. ഗിരീഷ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചക്ക് 2.10നാണ് വിദ്യാര്‍ത്ഥി അത്തിഗുപ്പെ സ്റ്റേഷനില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി വിവരം ലഭിച്ചതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. യുവാവിന്റെ തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. 

അതേസമയം, ഒരു പെണ്‍കുട്ടി അടക്കം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ധ്രുവ് സ്റ്റേഷനിലെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന ധ്രുവ്, ട്രെയിന്‍ വന്നപ്പോള്‍ പെട്ടെന്ന് ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056. 

'എത്തിയത് ദോശ നല്‍കാന്‍, അടുക്കളയില്‍ വച്ച് ടെക്കിക്ക് നേരെ പീഡനശ്രമം'; സ്വിഗി ജീവനക്കാരന്‍ അറസ്റ്റില്‍

YouTube video player