നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. "മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?" എന്ന് ചോദിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം മരത്തടികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥിയുടെ വഴ തടഞ്ഞുനിർത്തിയ അക്രമികൾ, "മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ജാലഹള്ളി പോലീസ്.