ബ്ലാക്ക്‌മെയിലിംഗിനും മാനസിക പീഡനത്തിനും ഇരയായതിനെ തുടർന്ന് 22 കാരിയായ യുവതി ബെംഗളൂരുവിലെ അഗര തടാകത്തിൽ ചാടി ജീവനൊടുക്കി
ബെംഗളൂരു: ബ്ലാക്ക്‌മെയിലിംഗിനും മാനസിക പീഡനത്തിനും ഇരയായതിനെ തുടർന്ന് 22 കാരിയായ യുവതി ബെംഗളൂരുവിലെ അഗര തടാകത്തിൽ ചാടി ജീവനൊടുക്കി. അരോഡി സ്വദേശിയായ വാണിശ്രീയാണ് മരിച്ചത്. പ്രദേശത്തെ ഒരു ജ്വല്ലറിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അഭിഷേക് എന്ന യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി വാണിശ്രീ എഴുതിവെച്ച കത്തിൽ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 22-ന് രാവിലെ മുറിയിലെ സഹപ്രവർത്തകയാണ് ഈ കുറിപ്പിനെക്കുറിച്ച് വാണിശ്രീയുടെ സഹോദരി പൂജയെ അറിയിക്കുന്നത്.
സഹോദരിയും പി.ജി ഉടമയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഗര തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാണിശ്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അഭിഷേകിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഭിഷേക് വാണിശ്രീയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.


