ബെംഗളൂരു: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിന്റെ വിലകൂടിയ സമ്മാനം സ്വീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച യുവതി തട്ടിപ്പിനിരയായി. ബെംഗളൂരു മാരുതി സേവാനഗറിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് അയച്ചെന്നു കരുതിയ വ്യാജ സമ്മാനം കൈപ്പറ്റുന്നതിനായി യുവതി 19 ലക്ഷത്തോളം രൂപ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് കെന്നി എന്ന യുവാവും യുവതിയും തമ്മിൽ ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്. താൻ യുകെയിൽ സ്ഥിര താമസമാണെന്നും ഇയാൽ യുവതിയെ ധരിപ്പിച്ചു. പിന്നീട് അടുത്തു പരിചയപ്പെട്ട ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു.

യുവതിയുടെ വിശ്വാസം നേടിയെടുക്കാൻ ഇയാൾ 45 ലക്ഷം യുകെ പൗണ്ട് വില വരുന്ന സമ്മാനം അയക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. സമ്മാനം കാത്തിരുന്ന യുവതിയെ ഒരു ദിവസം കെന്നി വിളിക്കുകയും സമ്മാനം ദില്ലി എയർപോർട്ടിൽ എത്തിയതായി അറിയിക്കുകയും ചെയ്തു. സമ്മാനം എയർപോർട്ടിൽ നിന്ന് റിലീസ് ചെയ്യണമെങ്കിൽ 2.8 ലക്ഷം രൂപ ഒരു അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ അറിയിച്ചു. യുവതി പണം ട്രാൻസ്ഫർ ചെയ്തെങ്കിലും സമ്മാനം കയ്യിലെത്താൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് യുവാവ്  ധരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി ഏഴിന് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതി ഇവരെ ഫോണിൽ വിളിച്ചു. സമ്മാനം കൈപ്പറ്റുന്നതിന്റെ കസ്റ്റംസ് ചാർജ്ജായി 8.8 ലക്ഷം രൂപ ഉടൻ അയക്കണമെന്ന് അറിയിക്കുകയും ചെയ്തു. അത്രയും പണം അടച്ചപ്പോൾ അവസാനമായി 4.87 ലക്ഷം രൂപ കൂടി അയച്ചാൽ ഗിഫ്റ്റ് അടുത്ത ദിവസം തന്നെ കൈപ്പറ്റാമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ യുവതിയോട് പറഞ്ഞു.

വിവിധ ട്രാൻസാക്ഷനുകൾ വഴി ഇത്രയും തുക അയച്ചെങ്കിലും പിറ്റേ ദിവസം സമ്മാനമൊന്നും എത്താതിരുന്നപ്പോൾ യുവതി കെന്നിയെയും കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതിയെയും വിളിച്ചു. എന്നാൽ, ‌ഇരുവരുടെയും ഫോൺ ഓഫായിരുന്നു. സംഭവത്തിൽ ബാനസവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.