ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകളുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.

എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഇന്ത്യയിലെ ജനങ്ങള്‍ക്ക്, നമസ്തേ... സ്വാതന്ത്ര്യ ദിനാശംസകള്‍ എന്നിങ്ങനൊണ് നെതന്യാഹു ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം മുമ്പത്തെ പോലെയല്ല ഇപ്പോള്‍. ഒരുപാട് മേഖലകളില്‍ വലിയ സഹകരണമാണുള്ളത്.

വളരെ സത്യസന്ധമായ സൗഹൃദവുമാണ്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ എന്ന് വീഡിയോയില്‍ നെതന്യാഹു പറഞ്ഞു. ഹിന്ദിയില്‍ ഇസ്രായേലില്‍ നിന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസയും നെതന്യാഹു പങ്കുവെച്ചു. നേരത്തെ, ലോക സൗഹൃദ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 'ഫ്രണ്ട്ഷിപ് ഡേ' ആശംസകള്‍ ഇസ്രായേല്‍ പങ്കുവെച്ചിരുന്നു.

ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സൗഹൃദ സന്ദേശം പ്രത്യക്ഷപ്പെട്ടത്.  'യേ ദോസ്തി, ഹം നഹി തോഡേംഗേ' എന്ന പ്രശസ്തമായ ഹിന്ദി ഗാനവരികള്‍ക്കൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും  പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്.