Amravati murder ജൂൺ 21ന് നടന്ന അരുംകൊലയെക്കുറിച്ച് ആദ്യമൊക്കെ നാട്ടുകാർ കരുതിയുള്ളൂ.മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം. അതായിരുന്നു പൊലീസ് ഭാഷ്യം. 12 ദിവസം അന്വേഷിച്ചു. 7 പേരെ പിടികൂടി. കേസിന്‍റെ ഗതി മാറ്റിയത് മറ്റൊരു സംഭവമായിരുന്നു

അമരാവതി: ഉമേഷ് കോലെയെന്ന മരുന്നുകടക്കാരൻ വീട്ടിലേക്കുള്ള യാത്രാ മധ്യേ കൊല്ലപ്പെട്ടു.ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി കഴുത്തിൽ ആഞ്ഞ് കുത്തി. മുൻപ് കേട്ട പല കൊലപാതക കഥകളെയും പോലെ ഒന്ന്. അത്രയേ ജൂൺ 21ന് നടന്ന അരുംകൊലയെക്കുറിച്ച് ആദ്യമൊക്കെ നാട്ടുകാർ കരുതിയുള്ളൂ.മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം. അതായിരുന്നു പൊലീസ് ഭാഷ്യം. 12 ദിവസം അന്വേഷിച്ചു. 7 പേരെ പിടികൂടി. കേസിന്‍റെ ഗതി മാറ്റിയത് മറ്റൊരു സംഭവമായിരുന്നു.

ഉദയ്‍പൂർ സംഭവം 

740 കിലോമീറ്റർ അകലെ. അങ്ങ് രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ടു. നബി വിരുധ പ്രസ്താവന നടത്തിയ ബിജെപി നേതാവ് നുപുർ ശ‍ർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പിൽ സന്ദേശമയച്ചതാണത്രേ കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. അമരാവതിയിലെ കൊലപാതകത്തിന് പിന്നിലും ഇതേകാരണമെന്ന് പലരും പറഞ്ഞ് തുടങ്ങി. വിവരം നാടാകെ പരന്നു. ബിജെപി പൊലീസിനെ സമീപിച്ചു.പൊലീസ് കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചെന്ന് അമരാവതി എംപി നവനീത് റാണെ ആരോപിച്ചു. കേസ് കേന്ദ്രം എൻഐഎയ്ക്ക് വിട്ടു. പിന്നാലെ പൊലീസും മുൻ നിലപാട് മാറ്റി. അതെ കൊലപാതകം നുപൂർ ശർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പ് സന്ദേശമയച്ചതിനെ പ്രതികാരം!

ചതിച്ചത് ഉറ്റ ചങ്ങാതി

ബ്ലാക് ഫ്രീഡം എന്നായിരുന്നു ആ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേര്. നാട്ടിലെ പലരുമുണ്ടായിരുന്നു. അതിൽ ഒരാൾ യൂസഫ് ഖാൻ. സ്ഥലത്തെ ഒരു വെറ്റിനേറിയനാണ്. ഉമേഷ് കോലെയുടെ സഹോദരൻ പറഞ്ഞതനുസരിച്ച് 2006 മുതലുള്ള പരിചയം. മൂന്ന് മാസം മുൻപ് ഒന്നര ലക്ഷത്തിന്‍റെ മരുന്ന് പണം വാങ്ങാതെ കടമായി ഉമേഷ് നൽകിയിരുന്നു. യൂസഫിന്‍റെ മകളുടെ കല്ല്യാണം നടത്താൻ ഒരു ലക്ഷം വേറെ നൽകിയെന്നും ഉമേഷിന്‍റെ മകൻ സാകേത് പറഞ്ഞു.പണം കൊണ്ട് തൂക്കി നോക്കാനാകാത്ത ആത്മ ബന്ധം ഇരുവർക്കുമിടയിലുണ്ടായിരുന്നു. മതം ഒരിക്കലും മതിലുകെട്ടിയില്ല. ബ്ലാക് ഫ്രീഡം ഗ്രൂപ്പിലാണ് ഉമേഷ് നുപുറിനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ആത്മബന്ധമെല്ലാം യൂസഫ് അവിടെ അവസാനിപ്പിച്ചു. സ്ക്രീൻ ഷോട്ട് തീവ്ര നിലപാടുകാരായ ചിലർക്ക് യൂസഫ് അയച്ച് കൊടുത്തു. അതിലൊരാളാണ് അമരാവതിയിൽ ഒരു എൻജിഒ നടത്തുന്ന ഇർഫാൻ ഖാൻ. ഉമേഷിനെ കൊന്ന് പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഇർഫാൻ ഖാനാണ്. പതിനായിരം രൂപയ്ക്ക് കൊട്ടേഷൻ കൊടുത്തു. രണ്ട് പേർ അത് ഏറ്റെടുത്തു. ആ ജൂൺ 21ന് കൊലപാതകം നടത്തി. ആഴത്തിലുള്ള മുറിവാണ് മരണകാരണം. എട്ട് സെന്‍റീമീറ്ററിലധികം ആഴത്തിൽ കഴുത്തിൽ കത്തി കുത്തിയിറങ്ങിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്.

ഐഎസ് മോഡൽ കൊലപാതകം

അന്വേഷണം ഏറ്റെടുത്ത എൻഐഎ സംഭവത്തെ ഐഎസ് മോഡൽ എന്നാണ് വിശേഷിപ്പിച്ചത്. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരും. യുഎപിഎ, കൊലപാതകം, ഗൂഢാലോചന, കലാപശ്രമം എന്നിങ്ങനെ പവ വകുപ്പുകൾ ചേർത്തു. ഹിന്ദു, മുസ്ലീം ലഹളയാവാം ലക്ഷ്യമെന്നും അവ‍ർ സംശയിച്ചു. 13 ഇടങ്ങളിൽ റെയ്ഡ് നടത്തി. ഫോണും, സിംകാർഡുകളും മറ്റും പിടിച്ചെടുത്തു. പ്രതികളുടെ വിദേശ ബന്ധങ്ങൾ അടക്കം അന്വേഷണ പരിധിയിലുണ്ട്. പോപ്പുല‍ർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഇടപെടലും സംശയിക്കുന്നുണ്ട്.പിഎഫ്ഐ ജില്ലാ പ്രസിഡന്‍റ് സോയൽ നദ്വിയും മറ്റ് രണ്ട് പേരെയുമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. കൊലപാതത്തിൽ നേരിട്ട് ബന്ധമുള്ള 7 പേരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.