ദില്ലി: രാജ്യത്ത് ഇന്ന് ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ഭാരത് ബന്ദ്. വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദിവാസികള്‍ക്കുള്ള വനാവകാശം സംരക്ഷിക്കാനും യുജിസി ഫാക്കലിറ്റി തസ്തികകളില്‍ സംവരണം നല്‍കാനും എന്നിങ്ങനെ രണ്ട് ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ഫെബ്രുവരി 13നാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

പിന്നീട് 28ന്  വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ്  സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരുകൾ  നൽകിയ അപേക്ഷ അംഗീകരിച്ചായിരുന്നു കോടതി തീരുമാനം. വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.

തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഒഴിപ്പിക്കൽ നടപടി ഉണ്ടായില്ല എന്ന് ചീഫ് സെക്രട്ടറിമാരും വിശദീകണം നൽകണം.വിഷയത്തിൽ ഇടപെടാതെ സോളിസിറ്റർ ജനറൽ ഉറങ്ങുകയാണോ എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

ഈ സാഹചര്യത്തില്‍ സ്റ്റേ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന സാഹചര്യത്തിലാണ് ദളിത്-ആദിവാസി സംഘടനകള്‍ ഭാരത് ബന്ദ് നടത്തുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ളിത്-ആദിവാസി സംഘടനകള്‍ക്കുണ്ട്.