ഹൈദരാബാദ്: കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാസ്‌കിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ എല്ല. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വാക്‌സിന്‍ വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും 1.3 ബില്ല്യണ്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് ഇഞ്ചക്ഷനാണെന്നതില്‍ തനിക്ക് സന്തോഷമില്ലെന്നും 2.6 ബില്ല്യണ്‍ ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂക്കിലിറ്റിക്കുന്ന ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിക്കാനായി കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ഐഎഫ്എല്ലിലെ രാഹുല്‍ ഛബ്ര, ഐഐടി ഹൈദരാബാദിലെ എം വിദ്യാസാഗര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 30-40 ശതമാനം വരെ വാക്‌സിനേഷന്‍ മതിയെന്നും പിന്നീട് ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കൊവാക്‌സിനെ നോക്കി കാണുന്നത്.