സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ്  പാഠപുസ്തകം പുറത്തിറക്കിയത്. എന്നാല്‍, ആരോപണത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കെഎസെങ്കോട്ടൈയ്യന്‍ പ്രതികരിച്ചിട്ടില്ല. 

ചെന്നൈ: പ്ലസ് ടു പാഠപുസ്തകത്തിലെ ചിത്രത്തില്‍, വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. സാധാരണയായി വെള്ള നിറമുള്ള തലപ്പാവാണ് സുബ്രഹ്മണ്യ ഭാരതിയുടെ ചിത്രങ്ങളില്‍ കാണാറുള്ളത്.

കാവി തലപ്പാവിനെതിരെ ഡിഎംകെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കാവി തലപ്പാവ് അണിഞ്ഞ സുബ്രഹ്മണ്യ ഭാരതിയെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎല്‍എ തങ്കം തേനരശ് ചോദിച്ചു. ഭാരതിയാരെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് പാഠപുസ്തകം പുറത്തിറക്കിയത്. എന്നാല്‍, ആരോപണത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കോട്ടൈയ്യന്‍ പ്രതികരിച്ചിട്ടില്ല. സുബ്രഹ്മണ്യ ഭാരതിയാരെ കാവിവത്കരിച്ചിട്ടില്ലെന്നാണ് തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എജ്യുക്കേഷണല്‍ സര്‍വീസ് കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ബി വളര്‍മതി പ്രതികരിച്ചത്. സ്വാഭാവികമായി പറ്റിയ തെറ്റിനെരാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. 

അതേസമയം,ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം നല്‍കുക മാത്രമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പാഠപുസ്തകം ഡിസൈന്‍ ചെയ്ത കലാകാരന്‍ പ്രതികരിച്ചു.