ലഖ്‌നൗ: പൗരത്വ നിയമ ഭേ​ദ​ഗതി പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഉത്തർപ്രദേശ് പൊലീസ് വീട്ടുതടങ്കലിലാക്കി. ഞായറാഴ്ച വൈകുന്നേരത്തോടെ ല്കനൗവിലെ ദാലിബാ​ഗ് പ്രദേശത്തുള്ള സർക്കാർ അതിഥി മന്ദിരത്തിലാണ് ആസാദിനെ തടങ്കലിലാക്കിയതെന്ന് നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ലഖ്‌നൗവിലെ ക്ലോക് ടവറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ചന്ദ്രശേഖർ ആസാദ് എത്തിയത്. 

എന്നാൽ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത അഡീഷണൽ ഡി.സി.പി ചിരഞ്ജീവ് നാഥ് സിൻഹ   നിഷേധിച്ചു. 'അദ്ദേഹം അവിടെയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥരെ  ഗസ്റ്റ്ഹൗസിലേക്ക് അയച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട ആളുകളുമായി കൂടിക്കാഴ്ച നടത്താൻ വേണ്ടിയാകും അദ്ദേഹം ഇവിടെ വന്നതെന്ന് കരുതുന്നു.'' ഡിസിപി പറഞ്ഞു. അതേസമയം, ചന്ദ്രശേഖർ ആസാദ് വീട്ടുതടങ്കലിലാണെന്നും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും ഭീം ആർമി മീഡിയ തലവൻ അനുരാഗ് വ്യക്തമാക്കി.